മുംബൈ: യുപി സർക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെ പരസ്യമായി സ്വാഗതം ചെയ്ത് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വിഷയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച സഞ്ജയ് റാവത്ത് പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് നിയമം അവതരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും സൂചിപ്പിച്ചു.

സംസ്ഥാനത്തെ ജനസംഖ്യ അനിയന്ത്രിതമായി വർദ്ധിക്കുന്നതുവഴി യുപിയിലെ ജനങ്ങൾ ഉപജീവനം തേടി വേണ്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണെന്നും സഞ്ജയ് റാവത്ത് പറയുന്നു. ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ ജനസംഖ്യ ഏകദേശം 15കോടിക്ക് മുകളിലെത്തിയെന്ന് നിരീക്ഷിച്ച സഞ്ജയ് റാവത്ത് ഈ സംസ്ഥാനങ്ങളിൽ ജനസംഖ്യ നിയന്ത്രിക്കാൻ നിയമ നടപടിയെടുക്കണമെന്നും നിർദേശിക്കുന്നു.

ബില്ലിനെ എതിർത്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണത്തെ ചൂണ്ടിക്കാട്ടിയ റാവത്ത് നീതീഷ് നിലപാട് തുടർന്നാൽ ബിഹാറിൽ ജെഡിയു സർക്കാരിന് നൽകിവരുന്ന പിന്തുണ ബിജെപി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം,മഹാരാഷ്ട്രയിൽ ശിവസേന, കോൺഗ്രസും എൻസിപിയുമായി ചേർന്ന് ഭരിക്കുന്ന മഹാ വികാസ് അഘാടിതൾ തകരുകയാണെന്നും ഈ പശ്ചാത്തലത്തിൽ ബിജെപിയുമായുള്ള സഖ്യത്തിലേക്ക് ശിവസേന മടങ്ങുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ശിവസേന മുഖപത്രമായ സാമ്നയിലെ സഞ്ജയ് റാവത്തിന്റെ പ്രസ്താവനകൾ.

1947-ലെ വിഭജനത്തിന് ശേഷം രാജ്യത്തെ ഹിന്ദുക്കൾ മതേതര വാദികളായി കഴിയാൻ നിർബന്ധിതരാകുകയും അതേസമയം, മുസ്ലിംങ്ങളും മറ്റ് സമുദായത്തിൽപ്പെട്ടവരുടെ അവരുടെ മത സ്വാതന്ത്രം ആസ്വദിക്കുകയുമാണ്. ഒന്നിലധികം വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ് മതസ്വാതന്ത്രമെന്നാണ് അവർ കരുതുന്നത്. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചോ കുടുംബാസൂത്രണത്തെക്കുറിച്ചോ അവർക്ക് യാതൊരു ബോധവുമില്ല. ഇതുകാരണം ജനസംഖ്യ വർദ്ധിക്കുകയും നിരക്ഷരരെക്കൊണ്ട് രാജ്യം നിറയുകയും ചെയ്യുകയാണ്.

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ സംസ്ഥാനങ്ങളിലും ഇതിനകം തന്നെ ഹിന്ദുക്കൾ ന്യൂനപക്ഷമായെന്നാണ് സഞ്ജയ് റാവത്തിന്റെ വാദം. അയൽ സംസ്ഥാനമായ ബംഗ്ലാദേശിൽ നിന്ന് അടക്കമുള്ള അനധികൃത കുടിയേറ്റങ്ങൾ കാരണം അസം, പശ്ചിമബംഗാൾ ബിഹാർ സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ താളം തെറ്റിയെന്നും സഞ്ജയ് റാവത്ത് വാദത്തിൽ പറയുന്നു.

ബിജെപി സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖപത്രത്തിലെ പരാമർശങ്ങൾ എൻഡിഎ സഖ്യത്തിലേക്ക് മടങ്ങാനുള്ള ശിവസേനയുടെ ഒരുക്കങ്ങളുടെ ഭാഗമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എൻസിപിക്കൊപ്പം ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങൾ മഹാ വികാസ് അഘാടിതൾ തകരുന്നതായുള്ള സൂചനകളാണ് നൽകുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ശിവസേനയുടെ നിലപാട് എന്തായിരിക്കുമെന്ന ചർച്ചകളും ഈ പശ്ചാത്തലത്തിൽ സജീവമായിരുന്നു.