ദുബായ്: ട്വന്റി 20 ലോകകപ്പിൽ പരമ്പരയുടെ താരമായി ഏറ്റവും കൂടുതൽ റൺസ് നേടിയ പാക്കിസ്ഥാൻ നായകൻ ബാബർ അസമിനെ തിരഞ്ഞെടുക്കാത്തതിൽ അതൃപ്തി തുറന്നുപറഞ്ഞ് പാക്കിസ്ഥാൻ മുൻ പേസർ ഷൊയൈബ് അക്തർ. ലോകകപ്പിൽ ഓസ്ട്രേലിയ കിരീടമുയർത്തിയപ്പോൾ ഓപ്പണർ ഡേവിഡ് വാർണറായിരുന്നു ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ചോദ്യം ചെയ്താണ് അക്തർ രംഗത്ത് എത്തിയത്.

പരമ്പരയിലെ താരത്തിനുള്ള പുരസ്‌കാരം ബാബർ അസം സ്വന്തമാക്കുമെന്നാണു താൻ കരുതിയിരുന്നതെന്ന് അക്തർ ട്വിറ്ററിൽ കുറിച്ചു. ടൂർണമെന്റിൽ കൂടുതൽ റൺസ് നേടിയ പാക്കിസ്ഥാൻ നായകൻ ബാബർ അസമിനേയും വിക്കറ്റ് വേട്ടക്കാരൻ ശ്രീലങ്കയുടെ വാനിന്ദ ഹസരങ്കയേയും മറികടന്നാണ് വാർണർ പുരസ്‌കാര നേടത്തിലെത്തിയത്. ഐസിസിയുടെ നിലപാടിനെയാണ് അക്തർ ചോദ്യം ചെയ്യുന്നത്.

ടൂർണമെന്റിൽ ഉടനീളം അസം പുറത്തെടുത്ത ബാറ്റിങ് മികവ് അസമിനെ തുണയ്ക്കുമെന്നാണു താൻ കരുതിയതെന്നും വാർണറെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തത് നീതിയുക്തമല്ലെന്നും അക്തർ പറഞ്ഞു. ന്യൂസിലൻഡ്-ഓസ്ട്രേലിയ ഫൈനലിന് ശേഷമായിരുന്നു ഷൊയൈബ് അക്തറിന്റെ ട്വീറ്റ്. ദുബായിൽ കലാശപ്പോര് കാണാൻ ഗാലറിയിൽ അക്തറുമുണ്ടായിരുന്നു.

 

'പരമ്പരയുടെ താരമായി ബാബർ അസം തിരഞ്ഞെടുക്കപ്പെടുന്നതു കാണാനാണു കാത്തിരുന്നത്. അധികൃതരുടെ തീരുമാനം നീതിയുക്തമല്ലെന്ന് ഉറപ്പ്' അക്തർ ട്വിറ്ററിൽ കുറിച്ചു. ഏഴ് കളികളിൽ നേടിയ 289 റൺസോടെ പരമ്പരയിലെ റൺ വേട്ടക്കാരിൽ രണ്ടാമനായ ഓസീസിന്റെ ഡേവിഡ് വാർണറെയാണ് പരമ്പരയുടെ താരമായി അധികൃതർ തിരഞ്ഞെടുത്തത്.

ന്യൂസിലൻഡിനെതിരെ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് എട്ട് വിക്കറ്റ് ജയവുമായി ഓസീസ് കിരീടമുയർത്തിയപ്പോൾ വാർണർ 38 പന്തിൽ നേടിയ 53 റൺസ് നിർണായകമായിരുന്നു. ഏഴ് മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ചുറിയടക്കം 48.16 ശരാശരിയിൽ 289 റൺസാണ് ഈ ലോകകപ്പിൽ വാർണറുടെ സമ്പാദ്യം. ടൂർണമെന്റിന്റെ തുടക്കത്തിൽ ഒട്ടും ഫോമിലല്ലാതിരുന്ന ഓസീസ് ഓപ്പണർ ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനത്തോടെ ശക്തമായി തിരിച്ചെത്തുകയായിരുന്നു. 89*, 49, 53 എന്നിങ്ങനെയാണ് അവസാന മൂന്ന് മത്സരങ്ങളിലെ സ്‌കോർ.

ലോകകപ്പിൽ സ്വപ്ന ഫോമിലായിരുന്ന പാക്കിസ്ഥാൻ നായകൻ ബാബർ അസം. ആറ് കളിയിൽ 60 ശരാശരിയിൽ 303 റൺസാണ് പാക് നായകനുള്ളത്. ഇന്ത്യക്കെതിരെ ആദ്യ മത്സരത്തിൽ 68 റൺസടിച്ചായിരുന്നു ബാബറിന്റെ തുടക്കം. പിന്നാലെ അഫ്ഗാൻ, നമീബിയ, സ്‌കോട്ലൻഡ് ടീമുകളോട് ഹാട്രിക് ഫിഫ്റ്റിയും പേരിലാക്കി. എട്ട് കളിയിൽ 16 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ തലപ്പത്തെത്തിയ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയേയും ടൂർണമെന്റിലെ മികച്ച താരമാകാനുള്ള പോരാട്ടത്തിൽ വാർണർ പിന്തള്ളി. 148.75 സ്ട്രൈക്ക് റേറ്റിൽ 119 റൺസും ഹസരങ്ക സ്വന്തമാക്കിയിരുന്നു.