തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ത്രികോണ മത്സരമില്ലെന്നും എൻഡിഎയും എൽഡിഎഫും തമ്മിലുള്ള നേർക്കുനേർ പോരാട്ടമെന്നും ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. തനിക്ക് ഇക്കുറി വിജയപ്രതീക്ഷയാണെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കുന്നു. യുഡിഎഫ് ചിത്രത്തിലില്ലെന്ന് ബിജെപി സ്ഥാനാർത്ഥി പറയുന്നു. യുഡിഎഫിന്റെ പ്രവർത്തനം വളരെ നിർജ്ജീവമാണെന്നതാണ് ഇതിന് കാരണമായി ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ മുന്നേറ്റം എൽഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ശബരിമല വിഷയം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് കഴക്കൂട്ടം. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വമാണ് അതിന് കാരണമെന്ന് ശോഭ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയത്തിലെ കടകംപള്ളി സുരേന്ദ്രന്റെയും പാർട്ടിയുടേയും നിലപാടില്ലായ്മയാണ് ബിജെപി മുഖ്യപ്രചരണായുധമാക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ ക്ഷമാപണം നടത്തി പ്രചരണം തുടങ്ങിയ കടകംപള്ളി സുരേന്ദ്രന് പക്ഷെ ഇക്കാര്യത്തിൽ പാർട്ടിയുടെ പിന്തുണ കിട്ടിയിട്ടില്ല. പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നാണ് സിപിഐഎം, സിപിഐ ദേശീയ നേതാക്കൾ ഉൾപ്പെടെ വ്യക്തമാക്കിയിരിക്കുന്നത്. ഇത് തുറന്ന് കാട്ടിയാണ് ബിജെപി വോട്ടർമാരെ സമീപ്പിക്കുന്നത്. ഒപ്പം വിശ്വാസസംരക്ഷണത്തിന് ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന ഉറപ്പും നൽകുന്നു. ശബരിമലയ്ക്ക് പുറമെ മണ്ഡലത്തിലെ വികസനമുരടിപ്പും ചർച്ചയാക്കുന്നുണ്ട്.

ബിജെപിയുടെ മുന്നേറ്റം എൽഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ ഉണ്ടായ ആസൂത്രിതമായ ആക്രമണം ഇതിന് തെളിവാണെന്നും ശോഭ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ എന്ന പരിഗണന പോലും നൽകാതെയാണ് സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ. പൊലീസിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. സർക്കാർ സംവിധാനങ്ങളെയാകെ ദുരുപയോഗപ്പെടുത്തി വിജയം നേടാനാണ് എൽഡിഎഫ് ശ്രമമെന്നും ശോഭ ആരോപിക്കുന്നു.

ഏറെ വൈകിയാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെങ്കിലും ശോഭാ സുരേന്ദ്രന്റെ വരവ് മണ്ഡലത്തിൽ പാർട്ടി അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ഈ ആവേശം കൊണ്ടുതന്നെ പരിമിത സമയത്തിനുള്ളിൽ പ്രചരണത്തിൽ മറ്റ് മുന്നണികൾക്കൊപ്പമെത്താൻ ശോഭാ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ലഭിക്കുന്ന അഭൂതപൂർവ്വമായ പിന്തുണ ചെറുതല്ലാത്ത ആത്മവിശ്വാസമാണ് ബിജെപിക്ക് നൽകുന്നത്. മുൻകാലങ്ങളിൽ ബിജെപിയോട് അയിത്തം കാണിച്ചിരുന്ന വിഭാഗങ്ങൾ ഉൾപ്പെടെ ഇത്തവണ അനുകൂല നിലപാടിലേക്ക് എത്തിയതും കരുത്ത് വർധിപ്പിക്കുന്നു. പ്രചരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ വാഹനപ്രചരണ ജാഥയും ഗൃഹസമ്പർക്കവുമായി മണ്ഡലത്തിലുടനീളം നിറയുകയാണ് ശോഭാ സുരേന്ദൻ.

അവസാനലാപ്പിലേക്ക് കടന്നതോടെ പ്രചരണത്തിന്റെ ആവേശവും ചൂടും വർധിച്ചിരിക്കുകയാണ്. ഇതിന് കൊഴുപ്പേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഏപ്രിൽ രണ്ടിന് തലസ്ഥാനത്ത് എത്തുന്നുണ്ട്. കഴിഞ്ഞ തവണ വി മുരളീധരൻ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് കഴക്കൂട്ടം. അതിനാൽത്തന്നെ ഇത്തവണത്തെ അനുകൂല സാഹചര്യത്തിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് പാർട്ടി വിലയിരുത്തുന്നു.കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഇത്തവണ വിജയത്തിന് വഴിമാറുമെന്ന ശുഭപ്രതീക്ഷയിലാണ് ശോഭാ സുരേന്ദ്രനും പാർട്ടിയും.