പാലക്കാട്: പാർട്ടി പുനഃസംഘടനയിലെ അതൃപ്തി പരസ്യമായി പറഞ്ഞ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പാർട്ടി പുനഃസംഘടനയിൽ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയ ശോഭ സുരേന്ദ്രൻ, വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും. കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നും പ്രതികരിച്ചു. പാർട്ടി കീഴ്‌വഴക്കങ്ങൾ ലംഘിച്ചാണ് പുനഃസംഘടന നടന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറാകാതിരുന്ന ശോഭ സുരേന്ദ്രൻ, പൊതു പ്രവർത്തനം തുടരുമെന്നും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.

ദേശീയതലത്തിൽ പ്രവർത്തിക്കവേയാണ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. തനിക്ക് അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല.പാർട്ടിയുടെ മുൻപന്തിയിൽ ഇല്ലാതിരുന്നാലും പൊതു പ്രവർത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. നേരത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രന്റെ പേര് ഉയർന്ന് കേട്ടിരുന്നു. എന്നാൽ കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് പൊതുപരിപാടികളിൽ നിന്നും ചാനൽ ചർച്ചകളിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ട് നിന്നത്. ഇതിന് പിന്നാലെ എ.പി അബ്ദുള്ളകുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതും തർക്കം രൂക്ഷമാക്കാൻ ഇടയായി. ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയർത്തികാണിച്ചിരുന്നു. എന്നാൽ ഇതിനെ തഴഞ്ഞാണ് മുരളീധരൻ പക്ഷത്തിന്റെ നേതാവ് കൂടിയായ കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. ഇതിന് പിന്നാലെ പുനഃസംഘടന നടത്തിയപ്പോൾ കേരളത്തിൽ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കുകയായിരുന്നു.

മിസോറാം ഗവർണറായിരുന്ന കുമ്മനത്തിന് തിരികെ എത്തിയ ശേഷം പാർട്ടിയിൽ പ്രത്യേകിച്ച് ഒരു പദവിയും നൽകിയിരുന്നില്ല. ഗവർണറായി പോയ ശ്രീധരൻപിള്ളയ്ക്ക് പകരം കുമ്മനത്തെ പാർട്ടി അധ്യക്ഷനാക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പോലും ശോഭ സുരേന്ദ്രന്റെ സാന്നിധ്യം ഇല്ലാത്തത് നേരത്തെ ചർച്ചയായിരുന്നു.ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങൾ വന്നതോടെ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭസുരേന്ദ്രൻ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.

കുമ്മനം, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെ തഴഞ്ഞ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയതിൽ ഗ്രൂപ്പിന് അതീതമായി ബിജെപിക്ക് അകത്ത് വലിയ അതൃപ്തിയാണ് നിലവിലുള്ളത്. പുനഃസംഘടന തീരുമാനത്തിൽ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രൻ പാർട്ടി പരിപാടികളിൽ നിന്ന് പോലും വിട്ട് നിൽക്കുന്ന അവസ്ഥയും ഉണ്ട്. ഏഴുമാസത്തിലേറെയായി ശോഭസുരേന്ദ്രൻ പൊതുരംഗത്ത് സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത്.