കൊച്ചി: സിബിഐ അഞ്ചാം ഭാഗത്തിന്റെ ലാക്കേഷനിലെത്തി മമ്മൂട്ടിയെ സന്ദർശിച്ച് നടി ശോഭന. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ' ക്യാപ്റ്റനെ സന്ദർശിച്ചു, ഫാൻ മൊമന്റ്', എന്ന അടിക്കുറിപ്പോട് കൂടിയാണ് ശോഭന ഈ ചിത്രം പങ്കുവച്ചത്.

ഒരുകാലത്ത് മമ്മൂട്ടിയും ശോഭനയും ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ സൂപ്പർഹിറ്റായിരുന്നു. 21 വർഷം മുമ്പ് റിലീസ് ചെയ്ത വല്യേട്ടൻ ആണ് മമ്മൂട്ടി-ശോഭന കൂട്ടുകെട്ടിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.

മമ്മൂട്ടി- ശോഭന കോമ്പിനേഷനിൽ മലയാളി സിനിമാപ്രേമികളുടെ പ്രിയം നേടിയ ഒട്ടേറെ ചിത്രങ്ങളുമുണ്ട്. 'മഴയെത്തും മുൻപെ'യും 'കളിയൂഞ്ഞാലു'മൊക്കെയാവും ഭൂരിഭാഗം പ്രേക്ഷകരുടെയും മനസിലേക്ക് വേഗത്തിൽ എത്തുന്ന ചിത്രങ്ങൾ. നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരെയും ഒറ്റ ഫ്രെയ്മിൽ കണ്ടതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകർ.

മമ്മൂട്ടിക്കൊപ്പം ശോഭന എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ മിനിറ്റുകൾ കൊണ്ട് വൈറൽ ആയത്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ഇരുവരുടെയും ആരാധകർ വളരെ വേഗത്തിലാണ് ഈ ചിത്രം ഏറ്റെടുത്തത്. ഒരു മണിക്കൂർ കൊണ്ട് 16,000ൽ അധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.

മമ്മൂട്ടി-ശോഭന ആരാധകരെക്കൊണ്ട് നിറയുകയാണ് കമന്റ് ബോക്‌സ്. ഇഷ്ടതാരങ്ങളെ ഒന്നിച്ച് കണ്ട ആരാധകർ ഓർത്തെടുക്കുന്നത് 'മഴയെത്തും മുൻപേ' എന്ന സിനിമയും അതിലെ 'എന്തിന് വേറൊരു സുര്യോദയം...' എന്ന ഹിറ്റ് ഗാനവുമാണ്.

കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ5 കെ മധുവാണ് സംവിധാനം ചെയ്യുന്നത്. എസ് എൻ സ്വാമിയാണ് തിരക്കഥ. സ്വർഗ്ഗചിത്ര അപ്പച്ചനാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയിൽ ജഗതിയും ഭാഗമാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് അഞ്ചാം ഭാഗത്തിലെന്നാണ് റിപ്പോർട്ടുകൾ.

മുകേഷും സായികുമാറും അടക്കം പഴയ ടീമിൽ ഉണ്ടായിരുന്നവർക്കു പുറമേ രൺജി പണിക്കർ, രമേഷ് പിഷാരടി, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ആശ ശരത്ത്, മാളവിക മേനോൻ തുടങ്ങിയ താരങ്ങളും പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

അതേസമയം സിബിഐ പരമ്പരയിലെത്തുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയുടെ ലുക്ക് ഇപ്പോഴും ചർച്ചയാണ്. മേക്കപ്പ് ഗെറ്റപ്പിലുള്ള ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയിൽ ജഗതിയും ഭാഗമാകുന്നു എന്ന വാർത്തകളും പുറത്തുവന്നിരുന്നു. കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ശോഭന മലയാളത്തിന്റെ തിരശ്ശീലയിലേക്ക് തിരിച്ചെത്തിയത് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു. സുരേഷ് ഗോപി നായകനായ ചിത്രത്തിൽ നീന എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. സിനിമയിൽ എത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന.