ബിജെപി കങ്കണയെ സംരക്ഷിക്കുന്നു എന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പരാമർശത്തിന് മറുപടിയുമായി കങ്കണ റണാവത്ത്. സംരക്ഷിക്കുകയാല്ലാതെ തന്നെ കയ്യേറ്റം ചെയ്യാനും ബലാത്സംഗം ചെയ്യാനും ശിവസേന ഗുണ്ടകളെ അനുവദിക്കുകയാണോ ബി.ജെപി ചെയ്യേണ്ടത് എന്ന് കങ്കണ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

വൗ!! നിർഭാഗ്യവശാൽ മയക്കുമരുന്ന് മാഫിയ റാക്കറ്റ് തകർത്ത ഒരാളെ ബിജെപി സംരക്ഷിക്കുന്നു, പകരം ശിവസേന ഗുണ്ടകളെ എന്റെ മുഖം തകർക്കാനോ ബലാത്സംഗം ചെയ്യാനോ എന്നെ പരസ്യമായി കൊന്നുകളയാനോ ബിജെപി അനുവദിക്കണോ? ഇല്ല സഞ്ജയ് ജി? മാഫിയയ്‌ക്കെതിരെ നിൽക്കുന്ന ഒരു യുവതിയെ സംരക്ഷിക്കാൻ അവർക്കെത്ര ധൈര്യമുണ്ട് !!! കങ്കണ ട്വിറ്ററിൽ കുറിച്ചു.

മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യപ്പെടുത്തുന്ന കങ്കണയെ ബിജെപി പിന്തുണയ്ക്കുന്നത് ദൗർഭാഗ്യകരമാണെന്നായിരുന്നു സഞ്ജയ് ആരോപിച്ചത്. ശിവസേന മുഖപത്രമായ സാംമ്നയിലൂടെയായിരുന്നു സഞ്ജയുടെ പ്രതികരണം. ബിജെപിയുടെ ഈ നീക്കം ബിഹാർ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്, മുംബൈ നഗരത്തെ അപകീർത്തിപ്പെടുത്താനും പ്രാധാന്യം കുറയ്ക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സഞ്ജയ് ആരോപിച്ചിരുന്നു. ഇതിന് പ്രതികരണവുമായാണ് കങ്കണ ഇപ്പോൾ രംഗത്തെത്തിയത്.

അതിനിടെ, സംഭവത്തിൽ പരോക്ഷ പ്രതികരണവുമായ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് രം​ഗത്തെത്തിയിരുന്നു. എന്തു രാഷ്ട്രീയ കൊടുങ്കാറ്റിനെയും നേരിടുമെന്നും തന്റെ മൗനത്തിന് ഉത്തരമില്ല എന്നല്ല അർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. 'എന്തുതരത്തിലുള്ള രാഷ്ട്രീയ കൊടുങ്കാറ്റും വരട്ടെ, ഞാനത് നേരിടും, ഞാൻ കൊറോണ വൈറസിനെയും നേരിടും' ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ ഉദ്ധവ് പറഞ്ഞു. ' എന്റെ കുടുംബം, എന്റെ കർത്തവ്യം' എന്ന പേരിൽ കോവിഡ് പ്രതിരോധത്തിനായി പ്രത്യേക കർമ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിലെ ജനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ സമയത്ത് താൻ രാഷ്ട്രീയം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഉദ്ധവ്, ആരോപണങ്ങൾക്ക് എതിരെ തനിക്ക് ഉത്തരമില്ല എന്നല്ല അതിന്റെ അർത്ഥമെന്നും കൂട്ടിച്ചേർത്തു.

മുംബൈയെ പാക് അധിനിവേശ കശ്മീരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവസേനയും കങ്കണയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയത്. അനധികൃത നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടി കങ്കണയുടെ മുംബൈയിലുള്ള ബംഗ്ലാവിന്റെ ഓഫീസ് കെട്ടിടം മുംബൈ കോർപ്പറേഷൻ ഇടിച്ചു നിരത്തിയിരുന്നു. ഇതിന് പിന്നാലെ കങ്കണയ്ക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്താൻ ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, നിക്ഷിപ്ത താത്പര്യക്കാർ ഭരണകൂടത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.