മുംബൈ: ബോളിവുഡിൽ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിക്ക് ജാമ്യം. ബോംബെയിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഷോവിക്കിന് ജാമ്യം ലഭിച്ചത്.

സെപ്റ്റംബർ നാലിനാണ് ഷോവിക്കിനെയും അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ മാനേജർ സാമുവൽ മിറാൻഡയെയും എൻസിബി അറസ്റ്റ് ചെയ്തത്. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ തുടർന്നാണ് ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് വ്യാപക അന്വേഷണം ആരംഭിച്ചത്. ഇതേ തുടർന്ന് ഷോവിക്കിനെയും മിറാൻഡയെയും കൂടാതെ റിയാ ചക്രവർത്തിയെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു.

സാമുവൽ മിറാൻഡ മുഖേന ഷോവിക് സുശാന്തിന് ലഹരി മരുന്ന് എത്തിച്ചു നൽകിയെന്നായിരുന്നു കേസ്. സുശാന്തിന് മാത്രമല്ല ബോളിവുഡിലെ പല പ്രമുഖ താരങ്ങൾക്കും മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നുവെന്നും ഷോവിക് എൻസിബിക്ക് മൊഴി നൽകിയിരുന്നു. റിയ പറഞ്ഞതനുസരിച്ച് താൻ മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്നും ഷോവിക് സമ്മതിച്ചിരുന്നു. കേസിൽ റിയ ചക്രവർത്തിയെ എൻസിബി അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഒരുമാസത്തിന് ശേഷം ബോംബെ ഹൈക്കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.