തിരുവനന്തപുരം: കോവിഡ് രോഗ ബാധ കാരണം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറൻയിനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കാണ് ഉത്തരവ് നൽകിയത്. ഉത്തരവ് ഇ- മെയിലിൽ അയച്ചു.

പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് യാതൊരു തരത്തിലുമുള്ള മാനസിക സംഘർഷവും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളേജുകൾ ചെയ്യണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള ആശങ്കകൾ പരിഹരിക്കണം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് , വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷകൾ ക്രമീകരിക്കേണ്ട ഉത്തരവാദിത്വം സർവകലാശാലകൾക്കുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം കോളേജുകൾ ചെയ്യണമെന്നും അക്കാര്യം സർവകലാശാലകൾ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകൾ സ്വീകരിച്ച നടപടികൾ ജൂലൈ 12 നകം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികൾ സമർപ്പിച്ച പരാതികളിലാണ് ഉത്തരവ്.