തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ധനകാര്യമന്ത്രിയാകാൻ പി രാജീവിന് കൂടുതൽ സാധ്യത. രാജ്യസഭാ അംഗമെന്ന നിലയിലെ പ്രകടനവും മറ്റുമാണ് രാജീവിന് മുൻതൂക്കം കൊടുക്കുന്നത്. കെ എൻ ബാലഗോപാലിനേയും ഈ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. ധനകാര്യവും ആരോഗ്യവും വ്യവസായവുമാണ് സിപിഎം കൈയാളുന്ന പ്രധാന വകുപ്പുകൾ. ഈ വകുപ്പുകൾക്കായുള്ള ചർച്ചകൾ പാർട്ടിയിൽ സജീവമാണ്.

റിക്കോർഡ് ഭൂരിപക്ഷവുമായാണ് ശൈലജ ടീച്ചർ വീണ്ടും മന്ത്രിയാകുന്നത്. ആരോഗ്യ വകുപ്പിലെ മികച്ച പ്രകടനം ശൈലജ ടീച്ചറിനെ പ്രിയങ്കരിയാക്കി. പുതിയ മന്ത്രിസഭയിൽ ശൈലജ ടീച്ചറിന് ആരോഗ്യം മതിയോ എന്ന ചർച്ചയും സജീവമാണ്. ധനകാര്യവകുപ്പിലേക്കും ശൈലജ ടീച്ചറിനെ ഒരു പക്ഷേ പരിഗണിച്ചേക്കും. വ്യവസായ മന്ത്രിയാകാൻ എംവി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നിർണ്ണായകം.

തോമസ് ഐസക് ജയിച്ചുവരുന്ന ഘട്ടത്തിലെല്ലാം ഇടതുസർക്കാരിൽ ധനമന്ത്രിയാര് എന്ന ചോദ്യം ഉയർന്നിരുന്നില്ല. 2006 മുതൽ ഐസക്കാണ് സിപിഎമ്മിന്റെ ധനകാര്യമുഖം. ഐസക്കില്ലാത്ത മന്ത്രിസഭയാണ് രണ്ടാം പിണറായി സർക്കാരിൽ വരുന്നത്. ഒട്ടേറെ യുവപ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പാണ്. ധനവകുപ്പിൽ രാജീവോ ബാലഗോപാലോ എത്തുന്നത് ഭാവിയിലെ നേതാവിനെ വളർത്തുന്നതിലും നിർണ്ണായകമാകും. വട്ടിയൂർക്കാവിൽ നിന്ന് ജയിച്ച പ്രശാന്തും മന്ത്രിസഭാ സാധ്യതാ പട്ടികയിലുണ്ട്.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണൻ എന്നിവരാണ് പാർട്ടി ഉപരിഘടകത്തിൽനിന്ന് മന്ത്രിമാരാകാനിടയുള്ള മറ്റുള്ളവർ. ശൈലജയ്ക്കുപുറമേ വനിതാമന്ത്രിയുണ്ടാകുമോയെന്ന ചോദ്യവുമുണ്ട്. മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതോടെ ആരെന്നാണ് ആകാംക്ഷ. വീണാ ജോർജിന്റെ പേരിനാണ് മുൻതൂക്കം. മന്ത്രിമാരിൽ രണ്ടു വനിതകളില്ലെങ്കിൽ സ്പീക്കർ പദവിയിൽ ഒരു വനിതയെ കൊണ്ടുവന്നേക്കുമെന്നും പറയുന്നുണ്ട്. അങ്ങനെ എങ്കിൽ വീണാ ജോർജ് സ്പീക്കറാകാനും സാധ്യതയുണ്ട്.

കോവിഡ് ഗുരുതരസാഹചര്യം കണക്കിലെടുത്ത് എത്രയും വേഗം മന്ത്രിസഭാരൂപീകരണത്തിനുള്ള നീക്കവുമായി ഇടതുമുന്നണി ചർച്ചകൾ തുടങ്ങി കഴിഞ്ഞു. ഇന്നുമുതൽ നടപടികൾ ആരംഭിക്കും. ഇന്നുരാവിലെ ചേരുന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പുതിയ മന്ത്രിസഭയുടെ ഘടനയെക്കുറിച്ചുള്ള ചർച്ച നടക്കും. പിന്നാലെ സിപിഐ. നേതൃത്വവുമായും മറ്റു ഘടകകക്ഷികളുമായുമുള്ള ഉഭയകക്ഷി ചർച്ചകളും ആരംഭിക്കും.

ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ കൈക്കൊള്ളുന്ന ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തുടർചർച്ചകൾ. എത്രയുംവേഗം ഇടതുമുന്നണി യോഗവും ചേരും. സിപിഐ. നേതൃയോഗവും അടുത്തദിവസങ്ങളിൽ ചേരുമെന്നാണ് സൂചന. സ്ഥാനമൊഴിഞ്ഞ മന്ത്രിസഭയിൽ 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 21 മന്ത്രിമാർ വരെയാകാം. ഘടകകക്ഷികളിൽ മിക്കവർക്കും എംഎ‍ൽഎമാരുള്ള സാഹചര്യത്തിൽ ഏതൊക്കെ കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നതിലും തീരുമാനമുണ്ടാക്കേണ്ടതുണ്ട്.

67 അംഗങ്ങളെ വിജയിപ്പിച്ച സിപിഎമ്മും 17 പേരെ വിജയിപ്പിച്ച സിപിഐയും ചേരുമ്പോൾ തന്നെ നിയമസഭയിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ സർക്കാരിൽ ഒറ്റ എംഎ‍ൽഎമാർ മാത്രമുണ്ടായിരുന്ന കക്ഷികളിൽ കോൺഗ്രസ് (എസ്)ലെ കടന്നപ്പള്ളി രാമചന്ദ്രന് മാത്രമാണ് മന്ത്രി സ്ഥാനം നൽകിയത്. ഇത്തവണ ലോക് താന്ത്രിക് ജനതാദൾ, ഐ.എൻ.എൽ, കേരളാ കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരളാ കോൺഗ്രസ് എന്നിങ്ങനെ അഞ്ചുകക്ഷികൾക്ക് ഒറ്റ അംഗങ്ങൾ മാത്രമേയുള്ളൂ. അവർക്ക് മന്ത്രിസ്ഥാനം കൊടുക്കാൻ സാധ്യത കുറവാണ്. ഇതിന് പുറമേ ജനതാദളി(എസ്)നും എൻ.സി.പിക്കും രണ്ട് അംഗങ്ങൾ വീതവുമുണ്ട്.

സിപിഐയിൽ മുന്മന്ത്രിമാരെ വീണ്ടും പരിഗണിക്കേണ്ടെന്ന തീരുമാനം നടപ്പായാൽ ഇ. ചന്ദ്രശേഖരന് മാറിനിൽക്കേണ്ടിവരും. മുതിർന്ന അംഗം ഇ.കെ. വിജയൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, സംസ്ഥാനകൗൺസിലിൽ നിന്ന് പി.എസ്. സുപാൽ, ജി.ആർ. അനിൽ തുടങ്ങിയ പേരുകളൊക്കെ പറഞ്ഞുകേൾക്കുന്നുണ്ട്.