മാഡ്രിഡ്: റയൽ മാഡ്രിഡിൽ പരിശീലകനായുള്ള സിനദിൻ സിദാന്റെ രണ്ടാം ഊഴം അവസാനിച്ചു. ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും റയൽ പരാജയം രുചിച്ചതിന് പിന്നാലെ സിദാൻ പടിയിറങ്ങുകയാണെന്ന് റയൽ മാഡ്രിഡ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.

പരിശീലകസ്ഥാനം ഒഴിയാനുള്ള സിദാന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ക്ലബ്ബിനോടും കളിക്കാരോടും അദ്ദേഹം കാണിച്ച അർപ്പണബോധത്തിനും പ്രഫഷണലിസത്തിനും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും റയൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ക്ലബ്ബിനെ പുതിയ ഉയരങ്ങളിൽ എത്തിച്ച സിദാൻ റയലിന്റെ ഇതിഹാസമാണെന്നും ക്ലബ്ബ് വ്യക്തമാക്കി.

റയലിന്റെ മുൻതാരം കൂടിയായ സിദാന് പരിശീലകനായി 2022 വരെയാണ് ക്ലബിൽ കരാറുണ്ടായിരുന്നത്. എന്നാൽ ഈ സീസണിൽ കിരീടങ്ങളൊന്നും നേടാനാവാഞ്ഞത് കരാർ തീരും മുമ്പെ ക്ലബ്ബ് വിടാൻ സിദാനെ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ സിദാന് കീഴിൽലാ ലിഗ കിരീടം നേടാൻ റയലിനായിരുന്നു. എന്നാൽ ഇത്തവണ അത്‌ലറ്റിക്കോക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ലീഗിൽ റയൽ ഫിനിഷ് ചെയ്തത്.

റയലിൽ 2016 ജനുവരി മുതൽ 2018 മെയ് വരെയായിരുന്നു പരിശീലകനായി സിദാന്റെ ആദ്യ ഊഴം. ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടമെന്ന റെക്കോർഡും ഒരു ലാ ലീഗ കിരീടവും നേടി സിദാൻ റയലിലേക്ക് പരിശീലകനായുള്ള ഒന്നാം വരവ് ആവേശമാക്കി. സാന്റിയാഗോ സൊളാരിക്ക് പകരക്കാരനായി 2019 മാർച്ചിൽ സിദാൻ റയലിൽ തിരിച്ചെത്തി. 2019-20 സീസണിൽ ലാ ലീഗ കിരീടവും സ്പാനിഷ് സൂപ്പർ കപ്പും നേടിയെങ്കിലും ഈ സീസണിൽ പൂർണ നിരാശയായിരുന്നു ഫലം.

ലാ ലീഗയിൽ നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനോട് കിരീടപ്പോരിൽ അടിയറവ് പറഞ്ഞപ്പോൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയോട് തോറ്റ് പുറത്തായി. മുൻനിര താരങ്ങളുടെ പരിക്കും സീസണിൽ റയലിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെ 11 സീസണിനിടെ ആദ്യമായി ഒരു കിരീടമില്ലാതെ സ്പാനിഷ് വമ്പന്മാർ കിതക്കുകയായിരുന്നു.