തിരുവനന്തപുരം: ഝാൻസിയിൽ വെച്ച് ട്രെയിനിൽ യാത്ര ചെയ്യവേ കന്യാസ്ത്രീകളെ എബിവിപി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തയച്ചിരുന്നു. അതേസമയം തന്നെ യുപിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകർ സിദ്ദിഖ് കാപ്പന് വേണ്ടി ഇടപെട്ടില്ലെന്ന വിമർശനം മറ്റൊരു വശത്തും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ രംഗത്തുവന്നു.

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഉത്തർപ്രദേശിലെ ഝാൻസിയിൽ വെച്ച് ആക്രണത്തിന് ഇരയായ കന്യാസ്ത്രീകൾക്കു വേണ്ടി മുഖ്യമന്ത്രി നടത്തിയ ഇടപെടൽ വിശദീകരിച്ച ഫേസ്‌ബുക്ക് കുറിപ്പിൽ സിദ്ദീഖ് കാപ്പന്റെ ഭാര്യ എഴുതിയ കമന്റാണ് വൈറലായത്. ട്രെയിനിൽ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസികളെയും ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് അക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഉത്തർപ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി എന്തുകൊണ്ടാണ് തന്റെ ഇക്കയുടെ കാര്യത്തിൽ ഒരു ചെറു വിരൽ പോലും അനക്കാത്തതെന്നും അതിന്റെ കാരണം ഒന്ന് പറഞ്ഞ് തരാമോയെന്നുമാണ് റൈഹാന സിദ്ദീഖ് ചോദിച്ചത്.

'എന്റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറു വിരൽ പോലും അനക്കിയില്ല, കാരണമെന്താണ്'; മുഖ്യമന്ത്രിയോട് സിദ്ദീഖ് കാപ്പന്റെ ഭാര്യയുടെ ചോദ്യം'എന്റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറു വിരൽ പോലും അനക്കിയില്ല, കാരണമെന്താണ്'; മുഖ്യമന്ത്രിയോട് സിദ്ദീഖ് കാപ്പന്റെ ഭാര്യയുടെ ചോദ്യം  ഹാഥ്‌റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദീഖ് കാപ്പനെ കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇത് വരെ സംസ്ഥാന സർക്കാരോ മുഖ്യമന്ത്രിയോ ഇടപ്പെട്ടിരുന്നില്ല.

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനടപടികൾക്ക് ആവശ്യമായ സഹായങ്ങൾ ബന്ധപ്പെട്ടവർ എത്തിച്ചുകൊടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സർക്കാരിന് ഇടപെടുന്നതിൽ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജനുവരി ആദ്യ വാരം കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു.

റൈഹാന സിദ്ദീഖ് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചത്:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ റൈഹാന സിദ്ദിഖ്.. നിക്ഷ്പക്ഷമായി മാധ്യമ പ്രവർത്തനം നടത്തിയിരുന്ന, കെ.യു.ഡബ്ല്യൂ.ജെ യൂണിയൻ സെക്രട്ടറി ആയ സിദ്ദിഖ് കാപ്പന്റെ ഭാര്യ. താങ്കൾ ഈ ചെയ്തത് മുഖ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യമാണ്. പക്ഷെ എന്റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറു വിരൽ പോലും അനക്കിയില്ല. അതിന്റെ കാരണം ഒന്ന് പറഞ്ഞ് തരാമോ.