ന്യൂഡൽഹി: പഞ്ചാബിലെ തമ്മിലടിക്ക് ഒടുവിൽ ക്യാപ്റ്റൻ പുറത്തായതിന് പിന്നാലെ നവ്‌ജ്യോത് സിങ് സിദ്ദുവും പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചു. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായി തനിക്ക് ഒരിക്കലും വീട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും കോൺഗ്രസിൽ തുടരുമെന്നും സോണിയക്ക് അയച്ച കത്തിൽ സിദ്ദു വ്യക്തമാക്കി.
അതേസമയം, മുറിവേറ്റ സിംഹത്തെ പോലെയാണ് ഇപ്പോൾ ക്യാപ്റ്റൻ അമരീന്ദർ സിങ്. ഡൽഹിയിലേക്ക് പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രി പറക്കുമ്പോൾ അഭ്യൂഹങ്ങളും ഏറെ. കോൺഗ്രസ് ക്യാമ്പുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു, അമരീന്ദറിന്റെ അടുത്ത നീക്കം അറിയാൻ. കാരണം, പരക്കുന്ന വാർത്ത അമരീന്ദർ ബിജെപിയിൽ ചേരുമെന്നാണ്. രണ്ടുദിവസത്തേക്ക് അദ്ദേഹം ഡൽഹിയിൽ ഉണ്ടാകും.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്നാണ് അമരീന്ദറിന്റെ അടുപ്പക്കാർ പറയുന്നത്. രണ്ടു വട്ടം പഞ്ചാബ് ഭരിക്കാനുള്ള അവസരം നൽകിയതിന് നന്ദി പറയാൻ വേണ്ടിയാണ് കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കോൺഗ്രസിൽ ചേരുന്ന ദിവസം തന്നെയാണ് അമരീന്ദറിന്റെ ഡൽഹി യാത്രയും.

അതേസമയം, അമരീന്ദർ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് ഒരുകുറവുമില്ല. ക്യാപ്റ്റൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ചൊവ്വാഴ്ച രാത്രി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ബിജെപി നേതൃത്വമോ അമരീന്ദറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബിജെപിയിൽ ചേരുന്ന അമരീന്ദറിനെ കേന്ദ്രമന്ത്രിയാക്കുമെന്നും കൃഷിവകുപ്പ് നൽകിയേക്കുമെന്നുമെല്ലാം കഥകൾ പ്രചരിക്കുന്നുണ്ട്. താൻ അപമാനിതനായാണ് പുറത്തുപോവുന്നതെന്നും പിടിപ്പുകെട്ട, പാക്-അനുകൂല നിലപാടുള്ള സിദ്ദുവിനെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും അമരീന്ദർ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ബിജെപിയിൽ ചേരാതെ കോൺഗ്രസിന് ബദലായി പഞ്ചാബിൽ പുതിയ പാർട്ടി രൂപവത്കരിക്കാനാവും അമരീന്ദറിന്റെ ശ്രമമെന്നും ശ്രുതിയുണ്ട്. ഇതിന് ബിജെപിയുടെ ഭാഗത്തുനിന്ന് പിന്തുണ ലഭിക്കുമെന്നും വാർത്തകൾ പരക്കുന്നു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിതനായ മുൻ ബിജെപി, നേതാവ് കൂടിയായ നവജ്യോത് സിങ് സിദ്ദുവുമായുള്ള പോരാണ് ശക്തനായിരുന്ന അമരീന്ദറിന്റെ കസേര തെറിപ്പിച്ചത്. സ്ഥാനമൊഴിയുമ്പോൾ താൻ അപമാനിതനായെന്നാണ് അമരീന്ദർ പറഞ്ഞത്. സിദ്ദു ദേശവിരുദ്ധനാണെന്ന ഗുരുതരമായ ആരോപണവും ക്യാപ്റ്റൻ ഉന്നയിച്ചിരുന്നു.

ഇതിനുശേഷം കേന്ദ്രമന്ത്രി രാംദാസ് അതാവ്ലെ അമരീന്ദറിനെ എൻ.ഡി.എയിലേയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, ഇതിനോട് അമരീന്ദർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അകാലിദൾ സഖ്യം പിരിഞ്ഞശേഷം സംസ്ഥാനത്ത് ദുർബലമായിപ്പോയ പാർട്ടിക്ക് അമരീന്ദറിന്റെ വരവ് പുതിയ ഊർജം നൽകുമെന്നാണ് ബിജെപി.യുടെ കണക്കുകൂട്ടൽ. തലയെടുപ്പുള്ള ഒരു നേതാവിന്റെ അഭാവം കൊണ്ടാണ് ഇക്കാലമത്രയും അകാലിദളിന്റെ നിഴലിൽ ഒതുങ്ങിപ്പോയത് എന്നൊരു വിലയിരുത്തലുണ്ട് പാർട്ടിക്ക്. ഇതുവരെ കർഷകപ്രക്ഷോഭത്തിന് ശക്തമായ പിന്തുണ നൽകിയ അമരീന്ദറിനെ തന്നെ കേന്ദ്ര കൃഷിമന്ത്രിയാക്കിയാൽ അതുവഴി കർഷകരോഷത്തെ ഒരു പരിധിവരെ കുറയ്ക്കാനാവുമെന്നും പാർട്ടി കണക്കുകൂട്ടുന്നുണ്ട്.

അമിത് ഷായെയും, നഡ്ഡയെയും അമരീന്ദർ കാണുമെന്ന് പറയുന്നെങ്കിലും, തങ്ങൾക്ക് അതിനെ കുറിച്ച് അറിവൊന്നും ഇല്ല എന്നാണ് പഞ്ചാബിലെ ബിജെപി നേതാക്കൾ പറയുന്നത്. സാധ്യതകൾക്കായി വാതിലുകൾ തുറന്നിടുമെന്ന് ക്യാപ്റ്റൻ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അത് തുറന്നപറയാൻ ബിജെപിയും മടിക്കുന്നു. അമരീന്ദറിന് താൽപര്യമുണ്ടെങ്കിൽ ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അവർ പറയുന്നു.