മെസേജിം​ഗ് ആപ്പായ സിഗ്നൽ ഒരിക്കലും വാട്‌സാപ്പിന് പകരമല്ലെന്ന് സിഗ്നൽ സ്ഥാപകനും വാട്‌സാപ്പിന്റെ സഹസ്ഥാപകനുമായ ബ്രിയാൻ ആക്ടൻ. വാട്‌സാപ്പിന്റെയും സിഗ്നലിന്റേയും ഉദ്ദേശ്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടെക്ക് ക്രഞ്ചിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാട്‌സാപ്പ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ആളുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞ്. വാട്‌സാപ്പിനൊപ്പം തന്നെ ആളുകൾ സിഗ്നൽ ഉപയോഗിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2017-ൽ വാട്‌സാപ്പിനെ വാണിജ്യവത്കരിക്കാനുള്ള ഫേസ്‌ബുക്കിന്റെ ശ്രമങ്ങളെ തുടർന്ന് കമ്പനിയിൽനിന്നു രാജിവെച്ചിറങ്ങിയ ആളാണ് ബ്രിയാൻ ആക്ടൻ . 2018-ലാണ് സിഗ്നൽ ഫൗണ്ടേഷന് തുടക്കമിട്ടത്. വാട്‌സാപ്പിന്റെ പുതിയ പോളിസി അപ്‌ഡേറ്റിനെ തുടർന്ന് ജനപ്രീതി വർധിച്ച മെസേജിങ് ആപ്ലിക്കേഷനാണ് സിഗ്നൽ. വാട്‌സാപ്പ് ഉപേക്ഷിക്കുന്നവർക്ക് പകരം ഉപയോഗിക്കാവുന്നതായി നിർദ്ദേശിക്കപ്പെടുന്നതും സിഗ്നലിനേയാണ്.

ടെലിഗ്രാം ആണ് വാട്സാപ്പിന്റെ മുഖ്യ എതിരാളി എങ്കിലും ലോകത്തെ അതിസമ്പന്നരുടെ ലിസ്റ്റിൽ അടുത്തിടെ ഒന്നാം സ്ഥാനത്തേക്കുയർന്ന ടെസ്ല കമ്പനി സിഇഓ ഇലോൺ മസ്‌ക് വാട്സാപ്പിനെ ഉപേക്ഷിച്ച് സിഗ്‌നൽ ആപ്പിലേക്ക് മാറാൻ ആഹ്വാനം ചെയ്തതോടെയാണ് സി​ഗ്നൽ കൂടുതൽ ജനപ്രിയമായത്. ഇന്ത്യ, ഓസ്ട്രിയ, ഫ്രാൻസ്, ഫിൻലൻഡ്‌, ജർമ്മനി, ഹോങ്കോങ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേയ് സ്റ്റോറുകളിൽ കഴിഞ്ഞയാഴ്ച ഡൗൺലോഡ് ചെയ്ത ആപ്പുകളിൽ ആദ്യ 5 സ്ഥാനത്ത് സിഗ്‌നലുണ്ട്.

അമേരിക്കൻ സ്ഥാപനമായ സിഗ്‌നൽ ഫൗണ്ടേഷൻ, സിഗ്‌നൽ മെസ്സഞ്ചർ എൽഎൽസി എന്നിവയുടെ സന്തതിയാണ് സിഗ്‌നൽ ആപ്പ്. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന അതെ സമയം കൂടുതൽ സുരക്ഷിതമായ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് എന്ന നിലയ്ക്കാണ് സിഗ്‌നൽ വാട്സാപ്പിന് വെല്ലുവിളിയാവുന്നത്. ഉപഭോക്താക്കളുടെ കോൺടാക്റ്റ് ഇൻഫോ മാത്രമേ സിഗ്‌നൽ ആപ്പ് സ്വീകരിക്കൂ എന്ന് ആപ്പിന്റെ പ്രൈവസി പോളിസിയിൽ പറയുന്നു. ആപ്പിലൂടെ നടക്കുന്ന എല്ലാ കൈമാറ്റങ്ങൾക്കും ഓപ്പൺ-സോഴ്സ് സിഗ്നൽ പ്രോട്ടോകോൾ ആണ് സിഗ്‌നലിൽ.