ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ ആയേഷ മുഖർജിയും വിവാഹ മോചിതരായി. എട്ടുവർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വഴി പിരിഞ്ഞത്.ധവാൻ-ആയേഷ ദമ്പതികൾക്ക് സൊരാവർ എന്നൊരു മകനുമുണ്ട്. ഫേസ്‌ബുക്കിലൂടെയാണ് ആയേഷയും ധവാനും അടുത്തത്.

ഫേസ്‌ബുക്കിൽ ആയേഷയുടെ ചിത്രങ്ങൾ കണ്ട് കൗതുകം തോന്നി തുറന്നുനോക്കിയ ധവാൻ ഇന്ത്യൻ ടീമിലെ സഹതാരമായ ഹർഭജൻ സിംഗിനെ മ്യൂച്ചൽ ഫ്രണ്ട് ലിസ്റ്റിൽ കണ്ടു. പിന്നീട് ഫേസ്‌ബുക്കിലൂടെ തുടങ്ങിയ സൗഹൃദം 2012ൽ വിവാഹത്തിലെത്തുകയായിരുന്നു. പഞ്ചാബി മതാചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. 2014ലാണ് ഇരുവർക്കും സൊരാവർ എന്ന ആൺകുഞ്ഞ് പിറന്നത്.

ശിഖർ ധവാന് മുമ്പ് ആയേഷ ഓസ്‌ട്രേലിയൻ വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തിൽ ആയേഷക്ക് രണ്ട് കുട്ടികളുണ്ട്.ഈ ബന്ധം വേർപെടുത്തിയശേഷം 2012ലാണ് ധവാനെ വിവാഹം കഴിച്ചത്.ആംഗ്ലോ ഇന്ത്യൻ കുടുംബ പശ്ചാത്തലമുള്ള ആയേഷ പശ്ചിമ ബംഗാളിലാണ് ജനിച്ചത്. എട്ടാം വയസിൽ ആയേഷയുടെ കുടുംബം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കിക്ക് ബോക്‌സർ കൂടിയാണ് ആയേഷ.

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയിൽ ഇന്ത്യയെ നയിച്ച ശിഖർ ധവാൻ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാമെന്ന പ്രതീക്ഷയിലാണ്. ബുധനാഴ്ചയാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.