കൊച്ചി: രക്തചംക്രമണം വഴിതിരിച്ചു വിട്ടതിന് ശേഷം ധമനിവീക്കം സുഖപ്പെടുത്തുന്ന വിദഗ്ദ്ധ ചികിത്സാ രീതിയായ സിൽക്ക് വിസ്ത സ്റ്റെന്റ് പ്രക്രിയ വിജയകരമാക്കി ആസ്റ്റർ മെഡ്സിറ്റി. കേരളത്തിൽ ആദ്യമായാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ചികിത്സ പൂർത്തിയാക്കിയത്.

തലവേദനയും കാഴ്‌ച്ചയ്ക്ക് അസ്വസ്ഥതകളുമായാണ് (ദ്യശ്യങ്ങൾ രണ്ടായി കാണുക) എറണാകുളം സ്വദേശിയായ 55 കാരി ആസ്റ്റർ മെഡ്സിറ്റി ന്യൂറോ സർജറി വിഭാഗത്തിലെത്തിയത്. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് നടത്തിയ എം.ആർ.ഐ. സ്‌കാനിങ്ങിൽ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനിയിൽ വീക്കം (അന്യൂറിസം) കണ്ടെത്തി. വർഷങ്ങൾക്കു മുൻപ് മറ്റൊരു ചെറിയ രക്തവീക്കത്തിനായി സർജിക്കൽ ക്ലിപ്പിങ് ചികിത്സയും ഇവർ നടത്തിയിരുന്നു.

രോഗലക്ഷണങ്ങളും, ധമനിവീക്കം കണ്ടെത്തിയ സ്ഥലവും വലിപ്പവും കണക്കിലെടുത്താണ് ഏറ്റവും ആധുനികമായ സിൽക്ക് വിസ്ത സ്റ്റെന്റ് ഉപയോഗിച്ചുള്ള ഫ്ളോ ഡൈവേർഷൻ പ്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. രക്തചംക്രമണം വഴിതിരിച്ചു വിട്ടതിന് ശേഷം ധമനിവീക്കം സുഖപ്പെടുത്തുന്ന വിദഗ്ദ്ധ രീതിയാണ് സിൽക്ക വിസ്ത വഴി ആസ്റ്റർ മെഡ്സിറ്റി ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി വിഭാഗം ഡോക്ടർമാർ പൂർത്തിയാക്കിയത്.

ഉയർന്ന ദ്യശ്യപരതയും വിന്യാസവും ലഭിക്കുന്നതുകൊണ്ട് മികച്ച സുരക്ഷയും ഉറപ്പ് വരുത്തുന്നതാണ് സിൽക്ക് വിസ്ത സ്റ്റെന്റ.

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ചികിത്സയിലൂടെ 48 മണിക്കൂറിനുള്ളിൽ രോഗിയെ ഡിസ്ച്ചാർജ് ചെയ്യാൻ കഴിഞ്ഞുവെന്ന് ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റെ ഡോ.വിജയ് ജയകൃഷ്ണൻ പറഞ്ഞു. തലച്ചോറിലെ ദുർഘടമായ സ്ഥലത്ത് കണ്ടെത്തുന്ന രക്തവീക്കങ്ങൾ സുരക്ഷിതമായി ചികിത്സിക്കുന്നതിൽ സിൽക്ക് വിസ്ത സ്റ്റെന്റ് ഉപയോഗിച്ചുള്ള പ്രക്രിയ ഏറെ ഫലപ്രദമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. കഠിനമായ തലവേദന, മങ്ങിയ കാഴ്‌ച്ച, ദ്യശ്യങ്ങൾ രണ്ടായി കാണുക , കണ്ണുകളിലെ വേദന, കൈകാലുകളിൽ അനുഭവപ്പെടുന്ന തളർച്ച, സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങൾ.

ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റെ ഡോ.വിജയ് ജയകൃഷ്ണൻ, ഡോ. ദിലീപ് പണിക്കർ(സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജറി), ഡോ. ജിതേന്ദ്ര(കൺസൾൽട്ടന്റ് അനസ്തീഷ്യ & ക്രിട്ടിക്കൽ കെയർ) എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് നൂതനചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.