കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുന്ന സിൽവർലൈൻ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർലൈൻ തട്ടിക്കൂട്ടിയ പദ്ധതിയാണെന്നും പരിസ്ഥിതി, സാമൂഹകാഘാത പഠനങ്ങൾ നടത്തിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു. പദ്ധതിയുടെ ഡിപിആർ ഇപ്പോഴും രഹസ്യമാക്കി വെക്കുന്നു. പ്രതിപക്ഷം ഉന്നയിച്ചത് ജനങ്ങളുടെ ആശങ്കയാണ്. പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷം പദ്ധതിയെ എതിർക്കുന്നത് വിശദമായി പഠിച്ചശേഷമാണ്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇവർ പഠനം നടത്തി, പബ്ലിക് ഹിയറിങ്ങ് നടത്തി. കെ റെയിൽ അടക്കമുള്ളവരുമായും ചർച്ച ചെയ്തു. ഇതിനുശേഷം ഡോക്കുമെന്റ് തയ്യാറാക്കി യുഡിഎഫിൽ കൊണ്ടുവന്നു. യുഡിഎഫും ചർച്ച ചെയതാണ് നിലപാട് സ്വീകരിച്ചത്.

കെ റെയിൽ വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. എന്നിട്ടും സർക്കാർ മറുപടി പറയാൻ തയ്യാറായില്ല. രണ്ടു മണിക്കൂർ ചർച്ച ചെയ്യാൻ പോലും സർക്കാർ സന്നദ്ധമായില്ല. പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള അഞ്ചു പ്രധാന ചോദ്യങ്ങൾക്ക് പോലും മറുപടി പറയാൻ തയ്യാറായിട്ടില്ല. പകരം പദ്ധതിയിലും വർഗീയത കലർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

പദ്ധതിക്കെതിരെ രംഗത്തുള്ളത് ജമാ അത്ത് ഇസ്ലാമി പോലുള്ള സംഘടനകളാണെന്നാണ് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ഇടതുപക്ഷ സഹയാത്രികർ പോലും ആശങ്കയുമായി രംഗത്തു വന്നിട്ടുണ്ട്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞില്ലേ, പദ്ധതിയുടെ ഡിപിആർ പുറത്തുവിടണമെന്ന്. ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് അടിസ്ഥാനമുണ്ടെന്നല്ലേ പ്രകാശ് ബാബു പറഞ്ഞത്. സിപിഎം സഹയാത്രികരായ ശാസ്ത്രസാഹിത്യ പരിഷത്ത് പദ്ധതിക്കെതിരെ രംഗത്തു വന്നില്ലേ. ശാസ്ത്രസാഹിത്യപരിഷത്ത് മതതീവ്രവാദ സംഘടനയാണോ എന്ന് കോടിയേരി ബാലകൃഷ്ണൻ പറയട്ടെയെന്നും സതീശൻ പറഞ്ഞു.

സിൽവർ ലൈനിൽ എന്ത് വർഗീയതയാണുള്ളതെന്ന് വി ഡി സതീശൻ ചോദിച്ചു. സിൽവർലൈനിൽ വരെ വർഗീയത കൊണ്ടുവന്ന് ചേരിതിരിക്കാൻ നോക്കുകയാണ്. ഇതെല്ലാം നാടകങ്ങളാണ്. വർഗീയത കലർത്തിയാൽ പ്രതിപക്ഷം രംഗം വിട്ടുപോകുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. സിൽവർലൈനിൽ എന്ത് ജമാ അത്തെ ഇസ്ലാമി?. യുഡിഎഫ് ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ സാമൂഹികപശ്ചാത്തലത്തിൽ വർഗീയത കുത്തിവെക്കാൻ ഭരണകൂടവും ഭരിക്കുന്ന പാർട്ടിയും ശ്രമിക്കുകയാണ്.

യുഡിഎഫ് സിൽവർലൈൻ പദ്ധതി കടന്നുപോകുന്ന വില്ലേജുകളിലെല്ലാം ഇരകളെ ഉൾപ്പെടുത്തി ജനകീയ സമിതികൾ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫ് കേരളത്തിലെ വലിയ രാഷ്ട്രീയ പ്ലാറ്റ്ഫോമല്ലേ. ഞങ്ങളെന്തിന് ബിജെപിയോ മറ്റ് ആളുകളുമായി ചേർന്നോ സമരം നടത്തണം. സോളാർ വിഷയത്തിൽ സിപിഎമ്മല്ലേ ബിജെപിയുമായി ചേർന്ന് സമരം നടത്തിയതെന്നും വി ഡി സതീശൻ ചോദിച്ചു. ചരിത്ര നായകനാകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാൽ ദുരന്തനായകനായി പിണറായി വിജയൻ മാറുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്നതാണ് സിൽവർലൈൻ പദ്ധതിയെന്ന് വി ഡി സതീശൻ നേരത്തെ ആരോപിച്ചിരുന്നു. ബംഗാളിൽ സിപിഎമ്മിന് സംഭവിച്ച ഗതികേട് കേരളത്തിലുമുണ്ടാകും. പ്രതിപക്ഷം ഉന്നയിച്ച ചേദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ യുഡിഎഫ് അനുവദിക്കില്ല. കേരളത്തെ വിൽക്കാൻ വച്ചിരിക്കുന്ന പദ്ധതിക്കെതിരെ കേരളം ഇതുവരെ കാണാത്ത സമരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേ സമയം കെ റെയിൽ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പു സംബന്ധിച്ച് വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്. ഭരണപക്ഷത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ സിപിഐയിൽ നിന്നുപോലും പദ്ധതി നടപ്പാക്കുന്നതിനെതിരെ എതിർശബ്ദം ഉയർന്നുകഴിഞ്ഞു. കെ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ പ്രോജക്ട് റിപ്പോർട്ട് പുറത്തുവിടണമെന്ന് സിപിഐ. ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം സി പി എമ്മിനെ അറിയിക്കാനാണ് തീരുമാനം. കെ റയിൽ സംബന്ധിച്ച അവസാന നിലപാട് ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് ( ഡി പി ആർ) കണ്ടതിനുശേഷമായിരിക്കും പാർട്ടി രൂപപ്പെടുത്തുക. തീരുമാനം പാർട്ടിയിലെ സമ്മർദ്ദം മൂലമാണെന്നും സിപിഐ കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നു.

കഴിഞ്ഞയാഴ്ച ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുന്മന്ത്രി വി എസ് സുനിൽ കുമാറും പദ്ധതിക്കതിരെ രംഗത്ത് വന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി പദ്ധതിയുടെ ഡി പി ആർ ആവശ്യപ്പെട്ടിരിക്കുന്നത്.