റോം: മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോനി തന്നെക്കാൾ 53 വയസ്സ് ഇളപ്പമുള്ള വനിതയെ വിവാഹംചെയ്ത് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. വടക്കൻ മിലാനിലെ ലെസ്മോ പട്ടണത്തിലുള്ള ചരിത്രപ്രാധാന്യമുള്ള വില്ല ഗെർനെട്ടോയിൽ വച്ചായിരുന്നു 85 കാരനായബെർലുസ്‌കോനി, തന്റെ പാർട്ടിയിലെ തന്നെ എം പി ആയ 32 കാരി മാർത്താ ഫാസിനയെ വിവാഹം കഴിച്ചത്. പ്രതീകാത്മക വിവാഹ ചടങ്ങിനോടനുബന്ധിച്ച് ഒരു വൻ വിരുന്നും സംഘടിപ്പിച്ചിരുന്നു.

ഒരു വിവാഹ ചടങ്ങിനോട് അനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളും നടത്തി എങ്കിലും ഇവർ ഔദ്യോഗികമായി വിവാഹിതരായില്ല. മുൻ പ്രധാനമന്ത്രിയുടെ കുടുംബത്തിൽ നിലനിൽക്കുന്ന ചില സ്വത്ത് തർക്കങ്ങൾ കാരണമാണിത്. ബെർലുസ്‌കോനിയുടെ, പ്രായപൂർത്തിയായ അഞ്ചു മക്കളും തങ്ങളുടെ പിതാവ് ഫാസിനയെ വിവാഹംകഴിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയാണ്. ഈ വിവാഹം നടന്നാൽ ബെർലുസ്‌കോനിയുടെ 5 ബില്ല്യൺ പൗണ്ടിലധികം വരുന്ന സ്വത്തിൽ ഫസിനക്കും അവകാശം ഉണ്ടാകും എന്നതാണ് അവരെ വിഷമിപ്പിക്കുന്ന കാര്യം.

ചില ആരോഗ്യ പ്രശങ്ങളും, ലൈംഗികാപവാദങ്ങ്ളും അതോടൊപ്പം പ്രായാധിക്യവും പക്ഷെ ബെർലുസ്‌കോനിയെ തളർത്തിയില്ല. വിവാഹച്ചടങ്ങുകളുമായി അദ്ദേഹം മുൻപോട്ട് പോവുക തന്നെ ചെയ്തു. എന്നാൽ, ഒരു ഔദ്യോഗിക വിവാഹം എന്നതിനപ്പുറം പ്രണയോത്സവമെന്നായിരുന്നു ഈ ചടങ്ങിനെ ബെർലുസ്‌കോനി വിശേഷിപ്പിച്ചത്. 2020-ൽ ഫ്രാൻസെസ്‌കാ പാസ്‌കേൽ എന്ന യുവതിയുമായുണ്ടായിരുന്ന ബന്ധം ഒഴിഞ്ഞതിനു ശേഷമാണ് ബെർലുസ്‌കോനി ഫസീനയുമായുള്ള ബന്ധം ആരംഭിക്കുന്നത്.

യുവ സുന്ദരികളെ എപ്പോഴും നോട്ടമിടുന്ന ബെർലുസ്‌കോനി ലൈംഗികതൊഴിലാളികൾക്കൊപ്പമുള്ള ലൈംഗികാപവാദങ്ങളിലും പങ്കാളിയായിരുന്നു. ഇത്തരത്തിൽ ഒരു ലൈംഗിക തൊഴിലാളിയുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് വിചാരണ നേരിടുകയുമാണിയാൾ. പ്രായപൂർത്തിയാകാത്ത മൊറോക്കൻ ലൈംഗിക തൊഴിലാളിക്ക്, 6 മില്യൺ പൗണ്ട് നൽകി ലൈംഗിക സേവനം കരസ്ഥമാക്കി എന്ന കേസിൽ മുൻ പ്രധാനമന്ത്രി ശിക്ഷിക്കപ്പെട്ടതാണ്. എന്നാൽ അപ്പീൽ കോടതിയിൽ കേസ് തള്ളപ്പെട്ടതിനാൽ ശിക്ഷ അനുഭവിക്കേണ്ടതായി വന്നില്ല.

2013-ൽ ഒരു നികുതി വെട്ടിപ്പ് കേസിൽ പ്രതിയായതോടെ പൊറ്റു സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്നും ഇയാളെ വിലക്കിയിരിക്കുകയാണ്. അതിനുപുറമെ കഴിഞ്ഞ ഇരുപതു വർഷക്കാലമായി നിരവധി രോഗങ്ങൾക്കും ഇയാൾ അടിമയാണ്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ പ്രധാനമന്ത്രി പ്രൊസ്റ്റേറ്റ് കാൻസറിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.