ടോക്കിയോ: ഒളിംപിക്സിൽ വെങ്കല മെഡലിനായി ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു ഇന്നിറങ്ങും. ചൈനീസ് താരമാണ് എതിരാളി. മത്സരം വൈകിട്ട് അഞ്ചിന് ആരംഭിക്കും. തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന ചരിത്ര നേട്ടത്തിന് അരികെയാണ് സിന്ധു. റിയോയിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. ഗുസ്തി താരം സുശീൽ കുമാർ മാത്രമേ ഇന്ത്യയിൽ നിന്ന് രണ്ട് ഒളിംപിക്സ് മെഡലുകൾ നേടിയിട്ടുള്ളൂ.

ഇന്നലെ സെമിയിൽ സിന്ധുവിനെ ചൈനീസ് തായ്പേയിയുടെ തായ് സു-യിങ് തോൽപ്പിച്ചിരുന്നു. സ്‌കോർ 21-18, 21-12. ആദ്യ ഗെയിമിൽ തുടക്കത്തിൽ തന്നെ 5-2ന് ലീഡ് നേടാൻ സിന്ധുവിനായിരുന്നു. എന്നാൽ പിന്നിൽ നിന്ന് പൊരുതിക്കയറിയ തായ് 11-11ന് ഒപ്പമെത്തി. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. സ്‌കോർ 16-16ലെത്തിക്കാനും പിന്നീട് 18-18 വരേയും ഇരുവരും ഒപ്പമായിരുന്നു. തുടർന്നുള്ള മൂന്ന് പോയിന്റുകൾ സിന്ധുവിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇതോടെ ഗെയിം തായ് സ്വന്തമാക്കി.

രണ്ടാം ഗെയിമിലും നന്നായിട്ടാണ് സിന്ധു തുടങ്ങിയത്. തുടക്കത്തിൽ 3-4ൽ മുന്നിലെത്തുകയും ചെയ്തു. എന്നാൽ തിരച്ചെത്തിയ എതിർ താരം 8-4ലേക്കും പിന്നീട് 7-11ലേക്കും ലീഡുയർത്തി. തുടർന്ന് മത്സരം സിന്ധുവിന് നഷ്ടമാകുന്നതാണ് കണ്ടത്. ലീഡ് 9-17 ലേക്ക് ഉയർത്താനും പിന്നാലെ ഗെയിം സ്വന്തമാക്കാനും തായ് സു-യിംഗിന് അനായാസം സാധിച്ചു.