ന്യൂഡൽഹി: സിംഘു അതിർത്തിയിലെ കർഷക സമരം നടക്കുന്ന സ്ഥലത്ത് വെച്ച് കർഷകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നിഹംഗ് സിഖ് വിഭാഗത്തിലെ നാരായൺ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ അമർകോട്ട് ജില്ലയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിനാണ് കൊല എന്ന് സംഘടന തലവൻ ബൽവിന്ദർ സിങ് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊലപാതകത്തിന് ശേഷം നാരായൺ സിങ് സ്വന്തം ഗ്രാമത്തിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നിഹംഗ് സിഖ് വിഭാഗത്തിലെ സരബ്ജിത്ത് സിങ്ങിനെ ആയിരുന്നു അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസിൽ കീഴടങ്ങിയ സരബ്ജിത്ത്, സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിന് പിന്നാലെയാണ് മറ്റൊരു അറസ്റ്റ് കൂടി ഉണ്ടായിരിക്കുന്നത്.

കുണ്ടലിയിലെ കർഷക സമരം നടക്കുന്ന സ്ഥലത്ത് ദളിത് യുവാവിനെ രണ്ടു കൈകളും മുറിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ശേഷം പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നിഹംഗുകളാണ് കൊലയ്ക്ക് പിന്നിൽ എന്നാരോപിച്ച് കൊണ്ട് സംയുക്ത കിസാൻ മോർച്ച രംഗത്തു വരികയും ചെയ്തിരുന്നു.