ജനീവ: ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാമിന് ലോകാരോഗ്യ സംഘടനയുടെ സംഘടനയുടെ അനുമതി. അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെയാണ് അനുമതി. ഇതോടെ ആദ്യമായി ഒരു ചൈനീസ് വാക്‌സിന് ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിച്ചു. വാക്സിൻ നയതന്ത്രം അടക്കമുള്ള ചൈനീസ് നീക്കങ്ങൾക്ക് ഗുണപ്രദമാകുന്നതാണ് ഈ നേട്ടം.

79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്സിന് 45 ഓളം രാജ്യങ്ങൾ മുതിർന്നവരിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. യു.എ.ഇ., പാക്കിസ്ഥാൻ, ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളും വാക്സിൻ ഉപയോഗിക്കുന്നുണ്ട്. ചൈനയിൽ ഉൾപ്പെടെ 6.5 കോടി ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായാണ് കണക്ക്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാൽ തന്നെ പല രാജ്യങ്ങളും വാക്സിൻ ഉപയോഗിക്കാൻ മടിച്ചു.

സിനോഫാം, സിനോവാക്ക് അടക്കം അഞ്ച് വാക്സിനുകൾ രാജ്യത്ത് ഉപയോഗിക്കാൻ ചൈന നേരത്തെ അനുമതി നൽകിയിരുന്നു. ചൈനയുടെ തന്നെ സിനോവാക്കിനും ഉടൻ ഡബ്ല്യു.എച്ച്.ഒ. അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫൈസർ, ആസ്ട്രസെനെക്ക (കോവിഷീൽഡ്), ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾക്ക് മാത്രമാണ് ഇതുവരെ ഡബ്ല്യു.എച്ച്.ഒ. അനുമതി നൽകിയിട്ടുള്ളത്.

ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ (സിഎൻബിജി) അനുബന്ധ സ്ഥാപനമായ ബീജിങ് ബയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്സ് കോ ലിമിറ്റഡാണ് സിനോഫാം വാക്സിൻ നിർമ്മിക്കുന്നത്. താരതമ്യേന വിലകുറഞ്ഞ വാക്സിൻകൂടിയാണിത്.