മലപ്പുറം: മലബാർ സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ്‌ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന ഏടായ മലബാർ സമരം ഓഗസ്റ്റ് മാസത്തോടു കൂടി അതിന്റെ നൂറാം വാർഷികത്തിലേക്ക് പ്രവേശിക്കുകയാണ്. കൊളോണിയൽ വിരുദ്ധ സമരങ്ങളിൽ ലോകതലത്തിൽ തന്നെ ശ്രദ്ധ നേടിയ മലബാർ സമരത്തിന്റെ നൂറാം വാർഷികം ജില്ലയിലുടനീളം വിപുലമായി ആഘോഷിക്കുന്നതാണ് കാമ്പയിൻ പരിപാടികൾ. 'മലബാർ സമരം ഒരു നൂറ്റാണ്ടിലേക്ക്: പ്രതിരോധത്തിന്റെ ആഘോഷം' എന്ന തലക്കെട്ടിലുള്ള കാമ്പയിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ നിർവ്വഹിച്ചു. പൗരത്വ നിഷേധത്തിന്റെയും മുസ്ലിം വിരുദ്ധതയുടെയും ഫാഷിസ്റ്റ് കാലത്ത് മലബാർ സമര ചരിത്രം പുതിയ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'മലബാർ സമരം: ചരിത്ര രചനകളിലൂടെ' എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി ടി നാസർ, 'ചരിത്രവഴികളിലൂടെ' എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ സമീൽ ഇല്ലിക്കൽ എന്നിവർ സംസാരിച്ചു.

കാമ്പയിനിന്റെ ഭാഗമായി മലബാർ സമരവുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രദേശങ്ങൾ, വ്യക്തികൾ, കുടുംബങ്ങൾ എന്നിവയെക്കുറിച്ച പ്രചാരണങ്ങൾ നടത്തും. 1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട് അക്കാദമിഷ്യന്മാരുടെയും ചരിത്രപണ്ഡിതരുടെയും പ്രഭാഷണങ്ങൾ സംഘടിപ്പിക്കും. മലബാർ സമരവുമായി ബന്ധപ്പെട്ട പാട്ടുകളും പാട്ടുകളുടെ ചരിത്രവും ചർച്ച ചെയ്യും. മലബാർ സമരവും ഖിലാഫത്ത് പ്രസ്ഥാനവും സാധ്യമാക്കുന്ന ദേശീയതാ വിമർശനത്തെക്കുറിച്ചും മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ഗഹനമായ ചർച്ചകളും അക്കാദമിക്ക് വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലുടനീളം മലബാർ സമര ചരിത്രത്തെക്കുറിച്ച് വിദ്യാർത്ഥി സംഗമങ്ങൾ, ബുക്ക് ടോക്കുകൾ, വ്യത്യസ്ത തരം മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ഉദഘാടന പരിപാടിയിൽ എസ് ഐ ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് സൽമാൻ ഫാരിസ് അധ്യക്ഷത വഹിച്ചു. കോവിഡ് സുരക്ഷ പരിഗണിച്ച് ഓൺലൈനിലായിരുന്നു പരിപാടി.