ന്യൂഡൽഹി: പൊലീസ് ആക്ടിലെ ഭേദഗതി പുനപരിശോധിക്കുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പതിവ് രീതികളെല്ലാം വിട്ട് മാധ്യമങ്ങൾക്ക മുന്നിൽ നേരിട്ടെത്തിയാണ് യെച്ചൂരി പാർട്ടി നിലപാട് വിശദീകരിച്ചത്. ഇതോടെ കേരളാ സർക്കാരിന്റെ ഓർഡിനൻസ് മുഖ്യമന്ത്രി പിണറായി വിജയന് പിൻവലിക്കേണ്ടി വരും. എല്ലാ ആശങ്കയും പരിശോധിച്ച് നടപടികളുണ്ടാകും. ഓർഡിനൻസ് പിൻവലിക്കുന്നതും പരിഗണനയിലുണ്ടെന്ന് യെച്ചൂരി പറഞ്ഞു. കേരളത്തിലെ പാർട്ടിയെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾക്കുള്ള തിരിച്ചടി കൂടിയാണ് ഇത്. സ്വർണ്ണ കടത്തിൽ സിപിഎം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അവധിക്ക് പിന്നിലും യെച്ചൂരിയുടെ ഉറച്ച നിലപാടായിരുന്നു.

ഓൺലൈൻ മാധ്യമങ്ങൾക്കും നിയന്ത്രണം കൊണ്ടുവരുന്ന സംസ്ഥാന സർക്കാരിന്റെ പൊലീസ് നിയമ ഭേദഗതി ക്രൂരതയാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ. സൈബർ ആക്രമണങ്ങളെ തടയാനാണ് ഇതെങ്കിലും ഏതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തിയിരുന്നു. 'കുറ്റകരമായി കരുതപ്പെടുന്ന സമൂഹ മാധ്യമ പോസ്റ്റുകൾക്ക് ജയിൽ ശിക്ഷ നൽകുന്ന ഓർഡിനൻസിലൂടെ കേരള പൊലീസ് ആക്ടിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരതയാണ്. എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടും. ഐടി ആക്ടിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66(എ)ക്ക് സമാനമാണിത്' എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന വ്യക്തിയാണ് പ്രശാന്ത് ഭൂഷൻ. സിപിഐയും ഇതിനെ എതിർത്തു. കോൺഗ്രസ് നേതാവ് പി ചിദംബരവും ചോദ്യവുമായി എത്തി. അതുകൊണ്ടാണ് കേന്ദ്ര നേതൃത്വം ഇടപെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒപ്പം നീങ്ങാനാണ് യെച്ചൂരിയുടെ തീരുമാനം. ഇത് പിണറായിക്ക് തിരിച്ചടിയാണ്.

സൈബർ ആക്രമണങ്ങൾ തടയാൻ എന്ന പേരിൽ അടുത്തിടെയാണ് പൊലീസ് ആക്ടിൽ സംസ്ഥാന സർക്കാർ നിയമ ഭേദഗതി വരുത്തിയത്. ഇതുപ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്ത വന്നാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിക്കും. ഇത് കൂടാതെ 5 വർഷം വരെ തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ചുമത്തുന്നതാണ്.

പൊലീസ് നിയമഭേദഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയെ തള്ളിയും തിരുത്തിയും സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത് വരുന്നത് സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ്. കേരളത്തിലും രാജ്യത്തും വ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണു പിണറായിയെ തള്ളി നേതൃത്വം രംഗത്തെത്തിയത്. ബിജെപി, കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ നിയമനടപടി സ്വീകരിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെയാണു നിലപാട് തിരുത്തിക്കാൻ കേന്ദ്ര നേതൃത്വം ഇടപെട്ടത്. കരിനിയമത്തിനെതിരേ മാധ്യമങ്ങളും കേരള പത്രപ്രവർത്തക യൂണിയനും രംഗത്തെത്തിയിരുന്നു.

സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപം തടയാനെന്ന പേരിലാണ് ഭേദഗതി നടപ്പാക്കുന്നതെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിൽ സൈബർ എന്നതിനുപകരം ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ മുഴുവൻ മാധ്യമ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. ഇതോടെയാണ് മുഖ്യധാരാ മാധ്യമങ്ങളും എതിർപ്പുമായി രംഗത്ത് വന്നത്. പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് ഒരു വാർത്തക്കെതിരെ

ആർക്കുവേണമെങ്കിലും മാധ്യമപ്രവർത്തകർക്കെതിരെയോ മാധ്യമ സ്ഥാപനത്തിനെതിരെയോ ഏതു പൊലീസ് സ്റ്റേഷനിലും പരാതി നൽകാം. ആരും പരാതി നൽകിയില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. വാർത്തയിലൂടെ ഒരാൾക്ക് മാനഹാനി ഉണ്ടായെന്ന് തോന്നിയാൽ മറ്റാർക്കുവേണമെങ്കിലും പരാതി നൽകാം. ജാമ്യമില്ലാത്ത വകുപ്പ് ആയതിനാൽ അറസ്റ്റ് ചെയ്യാം. അറസ്റ്റിന് മജിസ്‌ട്രേറ്റിന്റെ അനുമതിയോ വാറന്റോ ആവശ്യവുമില്ല. ശിക്ഷയായി അഞ്ചു വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താം. ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി എന്നിവ ഉൾക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും കേസെടുക്കാം.

ഭേദഗതിയിലൂടെ പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന വിമർശനമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് സീതാറാം യെച്ചൂരിയുടെ ഇടപെടൽ.