കോതമംഗലം: മാതാപിതാക്കളെ നഷ്ടപ്പെട്ട 8 വയസ്സുകാരിയുടെ ഭാവി സുരക്ഷിതമാക്കാൻ ജില്ലാഭരണകൂടത്തിനൊപ്പം കൈകോർത്ത് പീസ്വാലിയും. കാക്കനാട് അത്താണി മലയിൽപ്പറമ്പ് വീട്ടിൽ ശിവപ്രയയുടെ മുന്നോട്ടുള്ള ജീവിതത്തിൽ കൈതാങ്ങാവാൻ കഴിയാവുന്നതെല്ലാം ചെയ്യാമെന്നാണ് നെല്ലിക്കുഴി പീസ് വാലി പ്രവർവർത്തകർ ജീല്ലാഭരണകൂടത്തെ അറിയിച്ചിട്ടുള്ളത്.

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാന്റെ നേതൃത്വത്തിൽ ട്രസ്റ്റ് അംഗം ഡോ.ഹുസൈൻ അടക്കമുള്ള ഭാരവാഹികൾ ശിവപ്രിയയുടെ വീട് സന്ദർശിച്ചശേഷമാണ് ജില്ലാഭരണകൂടത്തെ സഹായ സന്നദ്ധത അറിയിച്ചത്. കാക്കനാട് എൽ പി സ്‌കൂളിൽ 4-ാം ക്ലസ്സ് വിദ്യാർത്ഥിനിയാണ് ശിവപ്രയ. 6 വർഷം മുമ്പ് അച്ഛൻ ബാബു ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞിരുന്നു. പിന്നീട് മാതാവ് സിന്ധു വീട്ടുജോലികൾ ചെയ്താണ് കിടപ്പിലായ മാതാവിനെയും മകളെയും നോക്കിയിരുന്നത്. ഇതിനിടെയാണ് കോവിഡ് ബാധിച്ചത്.

രണ്ടാഴ്ചയോളം കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് രോഗം മൂർച്ഛിക്കുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ അത്താണി പൊതുശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. മടങ്ങിയെത്തിയവർ കണ്ടത് വീടിന് പുറത്ത് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ശിവപ്രയയെയാണ്.

ദുരവസ്ഥ തിരിച്ചറിഞ്ഞ് പട്ടമറ്റത്ത് താമസിക്കുന്ന പിതാവിന്റെ സഹോദരി ശിവപ്രിയയെ കൂട്ടിക്കൊണ്ടുപോയി. കിടപ്പുരോഗിയായിരുന്ന മാതാവിനെ മറ്റൊരുബന്ധു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ നെല്ലിക്കുഴിയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിലേക്ക് മാറ്റിതാമസിപ്പിക്കുന്ന കാര്യത്തിൽ അടുത്തബന്ധുക്കൾക്ക് താൽപര്യമില്ലന്ന് അറിയിച്ചെന്നും അതിനാൽ വിദ്യാഭ്യാസവും സംരക്ഷണവുമുൾപ്പെടെ ഭാവി സുരക്ഷതിമാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും പീസ്വാലി പ്രവർത്തകർ അറിയിച്ചു.