ന്യൂഡൽഹി: രാജ്യസഭാ എംപിമാരുടെ സസ്പെൻഷൻ നടപടിയിൽ പ്രതിഷേധം തുടരുന്നതിനിടെ പാർലമെന്റ് നടപടിക്രമങ്ങൾ സംപ്രേഷണം ചെയ്യുന്ന സൻസദ് ടിവിയിലെ അവതാരക സ്ഥാനം രാജിവച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി.

സഭയിലെ മോശം പെരുമാറ്റത്തിന് രാജ്യസഭയിൽ നിന്ന് സസ്പെൻഷനിലായ 12 എംപിമാരിൽ ഒരാളായിരുന്ന ശിവസേന എംപി പ്രിയങ്ക ചതുർവേദി നടപടിയിൽ പ്രതിഷേധിച്ചാണ് സൻസദ് ടിവിയിലെ അവതാരക സ്ഥാനം രാജി സമർപ്പിച്ചത്.

രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവിന് സമർപ്പിച്ച രാജിക്കത്ത് ഉൾപ്പെടെ പ്രിയങ്ക ട്വിറ്റിൽ പങ്കുവച്ചു.രാജ്യസഭയിലെ 12 എംപിമാരെ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് വ്യക്തമാക്കുന്നതാണ്

പ്രിയങ്കയുടെ രാജിക്കത്ത്.'സൻസദ് ടിവിയുടെ മേരി കഹാനി എന്ന പരിപാടിയുടെ അവതാരക സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ്. വലിയ വേദനയോടെയാണ് ഈ നടപടി. ഒരു ഷോയ്ക്കായി മാത്രം സൻസദ് ടിവിയിൽ ഇടം പിടിക്കാൻ തയ്യാറല്ല. കാരണം താനുൾപ്പെടെ 12 എംപിമാരെ രാജ്യസഭയിൽ നിന്നും ഏകപക്ഷീയമായി സസ്പെൻഡ് ചെയ്തതിരിക്കുകയാണ്. ഇതിലൂടെ എംപി എന്ന നിലയിൽ പാർലമെന്ററി ചുമതലകൾ നിർവഹിക്കുന്നതിനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആണ് ഷോയിൽ നിന്നുള്ള തന്റെ പിന്മാറ്റം. എന്നും എന്നും എംപി പ്രിയങ്ക ചതുർവേദി വ്യക്തമാക്കുന്നു.

പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിനിടെ പെഗസ്സസ് വിഷയത്തിൽ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു ശിവസേന എംപി പ്രിയങ്ക ചതുർവേദി, ഇടത് അംഗങ്ങളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരുൾപ്പെടെ പന്ത്രണ്ട് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് സസ്പെൻഷൻ.

തൃണമൂൽ എംപിമാരായ ശാന്താ ഛേത്രി, ഡോല സെൻ, കോൺഗ്രസ് എംപിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിങ്, ഫൂലോ ദേവി നേതാം, ഛായ വർമ്മ, റിപുൻ ബോറ, രാജാമണി പട്ടേൽ, ശിവസേന എംപിമാരായ അനിൽ ദേശായി എന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റുള്ളവർ.

കോൺഗ്രസ് വക്താവായിരുന്ന പ്രിയങ്കാ ചതുർവേദി 2019 ഏപ്രിലിലാണ് പാർട്ടി വിട്ട് ശിവസേനയിൽ ചേരുന്നത്. ഉത്തർപ്രദേശിൽ തന്നെ അപമാനിച്ച പാർട്ടി പ്രവർത്തകരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രിയങ്കയുടെ രാജി.