ശിവഗിരി: ശിവഗിരിയിൽ 166-ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങളില്ലാതെ പൂജകൾ മാത്രമായി നടത്തും. ജയന്തിദിനമായ സെപ്റ്റംബർ രണ്ടിന് രാവിലെ 6.15-മുതൽ മഹാസമാധി മന്ദിരത്തിൽ പ്രത്യേക ഗുരുപൂജ. 7.30-ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമപതാക ഉയർത്തും. 8-ന് വൈദികമഠത്തിൽ ജയന്തി മുതൽ മഹാസമാധി വരെയുള്ള ജപയജ്ഞത്തിന് തുടക്കം. 10-ന് യജ്ഞശാലയിൽ വിശേഷാൽ ഹോമം, വൈകീട്ട് 5.30-ന് ഗുരുദേവറിക്ഷ മഹാസമാധി മന്ദിരത്തിന് പ്രദക്ഷിണം നടത്തും. 6.30-ന് വിശേഷാൽപൂജ, ആരതി, സമൂഹപ്രാർത്ഥന എന്നിവയുണ്ടാകുമെന്ന് ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

ഗുരുദേവ ജയന്തിക്ക് ശേഷം സെപ്റ്റംബർ മൂന്നുമുതൽ ശിവഗിരിയിൽ ഭക്തർക്ക് ദർശനത്തിന് ഇളവുകൾ അനുവദിക്കാൻ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് തീരുമാനിച്ചു. ഒരുദിവസം 100 ഭക്തർക്ക് മുൻകൂർ ബുക്കിങ് നടത്തി മഠത്തിൽ നിന്നനുവദിക്കുന്ന സമയമനുസരിച്ചെത്തി തൊഴുതു മടങ്ങാം. സാമൂഹിക അകലം പാലിച്ച് ഹോമവും മറ്റ് പൂജകളും നടത്തും. 10 പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹം നടത്താനും അനുമതി നൽകി. ബുക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9447271648, 8089477686.