തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ നേതൃത്വത്തിൽ ഐടി വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ നടത്തിയത് ഗുരുതര നിയമന അഴിമതി. ഇവിടെ അനധികൃതമായി കയറിപറ്റിയവരെയെല്ലാം പിരിച്ചുവിടണമെന്ന് ശുപാർശ ചെയ്യുന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഞെട്ടിപ്പിക്കുന്ന നിയമന അഴിമതിയാണ് കെഎസ്ഐടിഐഎല്ലിൽ നടന്നത്. ഇതോടെ ശിവശങ്കറിനെ സർക്കാരിന് സർവീസിൽ നിന്ന് പിരിച്ചുവിടേണ്ട സാഹചര്യം ഉരുത്തിരിയുകയാണ്.

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് അടക്കം യോഗ്യതയില്ലാത്ത പലരെയുമാണ് കെഎസ്ഐടിഐഎല്ലിൽ നിയമിച്ചത്. ഇതിൽ ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു മുഖ്യപങ്കുണ്ട്. അദ്ദേഹം സ്വജനപക്ഷപാതം കാട്ടി എന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.
അനധികൃത നിയമനങ്ങൾ നടത്താൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി. 2016ൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കർ ഇടപെട്ടാണ് കെഎസ്ഐടിഐഎല്ലിൽ നിയമിച്ചത്. 58 വയസ്സുവരെയാണ് സ്ഥാപനത്തിൽ നിയമനം നടത്താൻ കഴിയുന്നത്. 61 വയസ്സ് പൂർത്തിയായ ഇയാളെ എങ്ങനെയാണ് നിയമിച്ചതെന്നു വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്ത വനിതയ്ക്കു ശിവശങ്കർ 5 ഇൻക്രിമെന്റുകൾ ഒരുമിച്ച് നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണ്. പിന്നീട് ഇവരെ ജോലിക്കു യോഗ്യയല്ലെന്ന പേരിൽ പിരിച്ചുവിട്ടത് വിചിത്രമായ നടപടിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കെഎസ്ഐടിഐഎൽ പിഡബ്ല്യുസിയെ കൺസൾട്ടന്റാക്കിയ കാര്യം സർക്കാരിനെ അറിയിച്ചിരുന്നില്ല. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ മുന്നോട്ടുപോയത്. നിയമനങ്ങൾ സുതാര്യമാക്കാൻ സ്വീകരിക്കേണ്ട നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു ഐടി സ്ഥാപനങ്ങളിൽ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ധനകാര്യപരിശോധനാവിഭാഗം ഉടൻ സമർപ്പിക്കും. ശിവശങ്കറിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ വന്നതായാണ് കണ്ടെത്തൽ.

നിയമനങ്ങൾ സുതാര്യമാക്കാൻ സ്വീകരിക്കേണ്ട നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഐ ടി സ്ഥാപനങ്ങളിൽ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ധനകാര്യപരിശോധനാവിഭാഗം ഉടൻ സമർപ്പിക്കും.