കോഴിക്കോട്: ശിവസേന സംസ്ഥാന പ്രസിഡന്റ് എം എസ് ഭുവന ചന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും. കഴിഞ്ഞ 30 വർഷക്കാലമായി പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി ഏകാധിപതിയെപ്പോലെ അധികാരം കൈയാളുന്ന ഭുവന ചന്ദ്രൻ കോടിക്കണക്കിന് രൂപയാണ് പാർട്ടിയുടെ പേരിൽ സമ്പാദിച്ചിട്ടുള്ളതെന്ന് ശിവസേന പിളർന്ന് രൂപീകരിച്ച ഭാരതീയ ശിവസേന ഭാരവാഹികൾ വ്യക്തമാക്കി.

പാർട്ടിയുടെ പേരിൽ പൊതുജനങ്ങൾ സംഭാവനയായി നൽകുകയും പിരിവെടുത്തും സ്വരൂപിച്ച പണം കൊണ്ട് വാങ്ങിയ 32 ആംബുലൻസുകളിൽ ഭൂരിപക്ഷവും ഭുവനചന്ദ്രൻ വിറ്റ് പണം കൈക്കലാക്കി. പാർട്ടിക്കുണ്ടായിരുന്ന എരുമേലിയിലെ തുലാപള്ളി, തിരുവനന്തപുരം ജില്ലയിലെ കാലടി, തിരുവനന്തപുരം കോർപ്പറേഷനിലെ ചെന്തിട്ട, ശംഖുമുഖം, വിഴിഞ്ഞം എന്നിവടങ്ങളിലെ സ്ഥലവും കൊല്ലം ജില്ലയിലെ പെരുമണ്ണിലെ പന്ത്രണ്ട് സെന്റ് സ്ഥലവും വീടും കർണ്ണാടകയിലെ മൂകാംബികയിലുണ്ടായിരുന്ന ഏക്കർകണക്കിന് സ്ഥലവും കെട്ടിടങ്ങളും കാരുണ്യയുടെ കീഴിലുണ്ടായിരുന്ന വൃദ്ധ സദനവുമെല്ലാം ഇദ്ദേഹം വിറ്റ് കാശാക്കിയെന്നും ഭാരതീയ ശിവസേന സംസ്ഥാന അധ്യക്ഷൻ അനിൽ ദാമോദർ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ് ചെറുവള്ളി എന്നിവർ വ്യക്തമാക്കി.

ഭുവനചന്ദ്രന്റെ ദുർനടപടികളെ ചോദ്യം ചെയ്യുന്ന പ്രവർത്തകരേയും നേതാക്കളേയും പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി പാർട്ടിയിൽ നിന്നും പുറത്താക്കുകയാണ് ചെയ്യുന്നത്. ആദ്യകാലം മുതൽ പാർട്ടി കെട്ടിപ്പടുക്കുന്നതിന് അഹോരാത്രം പണിയെടുത്തിട്ടുള്ള ആയിരക്കണക്കിന് നേതാക്കളെയും പ്രവർത്തകരെയും ഇദ്ദേഹത്തിന്റെ ഇംഗിതത്തിനും ദുർനടപടികൾക്കും ഒത്താശ ചെയ്യാത്തതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടയിൽ പാർട്ടി ഭരണഘടന അനുസരിച്ച് ഒരു സമ്മേളനമോ തെരഞ്ഞെടുപ്പോ നടത്താതെ ഒരു സേച്ഛാധിപതിയെപോലെ പാർട്ടിയുടെ അധികാരം കയ്യാളുകയാണ് ഇദ്ദേഹവും ഇദ്ദേഹത്തോടൊപ്പം ചേർന്ന് നിൽക്കുന്നവരും ചെയ്യുന്നത്.

ഇദ്ദേഹത്തിനെതിരെ ശബ്ദം ഉയർത്തുന്നവരെ അടിസ്ഥാനരഹിതമായ സാമ്പത്തിക കുറ്റാരോപണം ഉന്നയിച്ച് സമൂഹമദ്ധ്യത്തിൽ തേജോവധം ചെയ്ത് പാർട്ടിയിൽ നിന്നും പുറത്താക്കുകയാണ്. ഇതുകൂടാതെ കഴിഞ്ഞ ഏഴുവർഷക്കാലമായി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനുവേണ്ടി വിവിധ ജില്ലകളിൽ നിന്ന് മൂന്നു കോടിയിൽ പരം രൂപ പിരിച്ചെടുത്തു. പക്ഷെ പണവും ഇല്ല ഓഫീസുമില്ലാത്ത സ്ഥിതിയാണ് ഉള്ളത്. കേരളത്തിൽ നടന്നിട്ടുള്ള പല ക്വട്ടേഷനുകളിലും പണം ഇടപാടുകളിലും ഇദ്ദേഹത്തിന് പങ്കുണ്ട്. ഇദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ദുർനടപടികൾ സഹിക്കവയ്യാതെയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് ഭാരതീയ ശിവസേന രൂപീകരിച്ചിട്ടുള്ളതെന്നും ഇവർ വ്യക്തമാക്കി.

ഭാരതീയ ശിവസേനയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്നലെ രൂപീകരിച്ചു. പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് ആയി എം പി ബാബുരാജ് കുന്ദമംഗലം, വർക്കിങ് പ്രസിഡണ്ട് ടി പി ബാബുരാജ് പുതിയാപ്പ, ജനറൽ സെക്രട്ടറി രാകേഷ് താനിശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു. പതിനൊന്ന് പേരടങ്ങിയ ജില്ലാ സെക്രട്ടറിയേറ്റും 40 പേരടങ്ങിയ ജില്ലാ കമ്മിറ്റിക്കും രൂപം നൽകി. കോഴിക്കോട് ജില്ലയുടെ ആദ്യ ജില്ലാ സമ്മേളനം മെയ് 31 ന് നടക്കും.