ന്യൂഡൽഹി: ആളുകൾ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതിനെക്കുറിച്ച് രാഷ്ട്രീയക്കാർ അഭിപ്രായം പറയേണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. സ്ത്രീകൾ ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ തിരത് സിങ് റാവത്തിന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് സ്മൃതി ഇറാനി രംഗത്തുവന്നത്. ആദ്യമായാണ് ബിജെപി മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സ്വന്തം പാർട്ടിയിലുള്ള ഒരാൾ തന്നെ രംഗത്തെത്തിയത്.

പവിത്രമായ ചില കാര്യങ്ങളുണ്ട്, അതിലൊന്ന് സ്ത്രീക്ക് അവളുടെ ജീവിതം നയിക്കാനും സമൂഹവുമായി ഇടപഴകാനും, ആഗ്രഹിക്കുന്നത് തിരഞ്ഞെടുക്കുന്നതിനുമുള്ള അവകാശവുമാണ്. അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന കാര്യങ്ങൾ തെരഞ്ഞെടുക്കാം. അതിൽ മറ്റൊരാൾ അഭിപ്രായം പറയേണ്ടതില്ല എന്നായിരുന്നു ടൈംസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ സ്മൃതി ഇറാനി പറഞ്ഞത്.

'പുരുഷന്മാർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡേഴ്സ് തുടങ്ങിയവർ എന്ത് വസ്ത്രം ധരിക്കുന്നു, എന്ത് കഴിക്കുന്നു, എന്ത് ചെയ്യുന്നു ഇതൊന്നും രാഷ്ട്രീയക്കാർ നോക്കേണ്ടതില്ല. കാരണം ആത്യന്തികമായി നമ്മൾ ചെയ്യേണ്ടത് നയരൂപീകരണവും നിയമവാഴ്ച ഉറപ്പാക്കലുമാണ്. നിരവധി രാഷ്ട്രീയക്കാർ ഇത്തരത്തിൽ അപക്വമായ, മണ്ടത്തരം നിറഞ്ഞ ചില പ്രസ്താവനകൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

കീറിപ്പറിഞ്ഞ ജീൻസ് ധരിച്ച സ്ത്രീകൾ സമൂഹത്തെ അപമാനിക്കുന്നു എന്ന് റാവത്തിന്റെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഒരു ചടങ്ങിൽ സംബന്ധിക്കവെയായിരുന്നു റാവത്ത് വിവാദ പരാമർശം നടത്തിയത്. ഇന്നത്തെ യുവജനങ്ങൾക്ക് മൂല്യങ്ങൾ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷൻ ട്രെൻഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുട്ടു വരെ കീറിയ ജീൻസ് ഇടുമ്പോൾ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെൻഡുകൾ പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

'ഇത്തരം ജീൻസുകൾ വാങ്ങാനാണ് അവർ കടയിൽപ്പോകുന്നത്. അങ്ങനെയുള്ളത് കിട്ടിയില്ലെങ്കിൽ കത്രിക വച്ച് ജീൻസ് മുറിച്ച് ആ തരത്തിലാക്കും' വിമാനത്തിൽ തന്റെ അടുത്തുള്ള സീറ്റിലിരുന്ന സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചും റാവത്ത് പറഞ്ഞിരുന്നു. 'ബൂട്ട്സും മുട്ടുവരെ കീറിയ ജീൻസും കൈയിൽ നിരവധി വളകളുമായിരുന്നു അവരുടെ വേഷം. രണ്ടു കുട്ടികളും ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നു. അവരൊരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നയാളാണ്. രണ്ടു കുട്ടികളും ഉണ്ട്. പക്ഷേ, മുട്ടുവരെ കീറിയ ജീൻസാണ് ധരിക്കുന്നത്. എന്ത് മൂല്യങ്ങളാണ് ഇവർ പകർന്നുനൽകുന്നത്?' എന്നായിരുന്നു റാവത്തിന്റെ ചോദ്യം.

ചില കാര്യങ്ങൾ പവിത്രമാണ്, സ്ത്രീകൾക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. നിങ്ങൾ നിയമം ലംഘിക്കാത്ത കാലത്തോളം അവൾക്ക് അനുയോജ്യമാണെന്ന് തോന്നുന്നിടത്തോളം നിങ്ങളുടെ ജീവിതം നയിക്കാനും സമൂഹവുമായി ഇടപഴകാനും സാധിക്കണം. നിങ്ങൾ എന്ത് ചെയ്യണമെന്ന് നിങ്ങളോട് പറയാനുള്ള ഒരു അവകാശവും എനിക്കുണ്ടാവില്ല, അല്ലെങ്കിൽ മറ്റൊരാൾക്കുണ്ടാവില്ല, സ്മൃതി ഇറാനി പറഞ്ഞു. എന്തുകൊണ്ടാണ് പാർട്ടി സഹപ്രവർത്തകനായ റാവത്തിന്റെ പരാമർശത്തെ സാമൂഹ്യ മണ്ടത്തരം എന്ന് നിങ്ങൾ പറഞ്ഞത് എന്ന ചോദ്യത്തിന് പ്രബുദ്ധമായ മനസുള്ള ആരും ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.