കോന്നി: പാമ്പുപിടുത്തക്കാർക്ക് ലൈസൻസ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി പാമ്പു പിടുത്തത്തിൽ സംസ്ഥാന സർക്കാർ പരിശീലനും നടത്തി വരികയാണ്. ഇതിന്റെ ബാഗമായി ചാലക്കുടിയിൽ വനം വകുപ്പ് ജീവനക്കാർക്കായി പാമ്പു പിടിക്കാനുള്ള പരിശീലനം നൽകി. പാമ്പുകളെക്കുറിച്ചു പഠിക്കാനും അവയെ പിടിക്കേണ്ടവിധം ക്ലാസിൽ പഠിപ്പിച്ചപ്പോഴും സംശയങ്ങളുമായി കുട്ടികളെപ്പോലെ വനംവകുപ്പ് ജീവനക്കാർ മുൻപന്തിയിൽ നിന്നു. പക്ഷേ, തിയറി കഴിഞ്ഞ് പാമ്പുപിടിച്ച് കാണിക്കണമെന്നു പറഞ്ഞപ്പോൾ പലരും പരുങ്ങി. വനംവകുപ്പ് സംസ്ഥാനത്ത് നടത്തിയ സ്‌നേക് റെസ്‌ക്യൂ ട്രെയിനിങ് പ്രോഗ്രാമിലെ അനുഭവമായിരുന്നു ഇത്. പാമ്പുപിടിത്തത്തിന് സംസ്ഥാനസർക്കാർ സർട്ടിഫിക്കറ്റ് നേടണമെന്ന നിബന്ധന വെച്ചതോടെയാണ് ജീവനക്കാർക്കായി വനംവകുപ്പ് പരിശീലനം തുടങ്ങിയത്.

സംസ്ഥാനത്ത് 17 സ്ഥലങ്ങളിൽ ആദ്യഘട്ടം പരിശീലനം പൂർത്തിയായി. 546 പേരാണ് പങ്കെടുത്തത്. 325 പേർ യോഗ്യതാസർട്ടിഫിക്കറ്റ് നേടി. ചാലക്കുടി വാഴച്ചാലിലാണ് ക്‌ളാസുകൾ തുടങ്ങിയത്. റാന്നിയിൽ ഓഗസ്റ്റ് 29-നു സമാപിച്ചു. പാമ്പുപിടിത്തത്തിന് സഞ്ചിയും ചെറിയ പി.വി സി. പൈപ്പുമാണ് ഉപയോഗിച്ചത്. പാമ്പുകളെ നോവിക്കാതെ കെണിയിൽ കയറ്റുന്നതായിരുന്നു വിദ്യ. തിയറിയിൽ ശോഭിച്ച പലരും പാമ്പിനെ പിടിക്കാൻ ധൈര്യം കാട്ടിയില്ല. അവർ അയോഗ്യരായി. ധൈര്യം സംഭരിച്ചുവരുന്നമുറയ്ക്ക് വീണ്ടും പരിശീലനം നൽകും.

മൂർഖൻ, അണലി, പെരുമ്പാമ്പ്, ചേര, കാട്ടുപാമ്പ് എന്നിവയായിരുന്നു ക്‌ളാസിലെ പാഠ്യ ഇനങ്ങൾ. കേരളത്തിൽ കണ്ടുവരുന്ന 107 ഇനം പാമ്പുകളെയും പരിചയപ്പെടുത്തി. തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലായിരുന്നു പഠിതാക്കൾ കൂടുതൽ. സ്‌നേക് റെസ്‌ക്യൂ ട്രെയിനിങ് പ്രോഗ്രാമിന്റെ നോഡൽ ഓഫീസർ എ.സി.എഫ്. വൈ. മുഹമ്മദ് അൻവർ, വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിലെ ജോസ് ലൂയിസ്, കെ.എഫ്.ആർ.ഐ.യിലെ സന്ദീപ് ദാസ്, മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷനിലെ മഹേഷ് കുമാർ, റെസ്‌ക്യൂവർ സി.ടി. ജോജു എന്നിവരാണ് ക്‌ളാസുകൾ നയിച്ചത്.

പാമ്പുകൾ, അവയുടെ സ്വഭാവം, പാമ്പുകടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ, ചികിത്സകിട്ടുന്ന ആശുപത്രികൾ, പ്രതിവിഷം സ്റ്റോക്കുള്ള ഇടങ്ങൾ എന്നിവയുടെ വിശദവിവരങ്ങൾ അറിയുന്ന 'സർപ്പ' മൊബൈൽ ആപ്പ് വനംവകുപ്പ് പുറത്തിറക്കി. പാമ്പുകളെക്കുറിച്ച് അറിയാനും പാമ്പുപിടിത്തത്തിന്റെ ശാസ്ത്രീയവശം മനസ്സിലാക്കാനും വനംവകുപ്പ് അടുത്ത ഘട്ടമായി പൊതുജനങ്ങൾക്ക് ക്‌ളാസുകൾ തുടർന്നും നടത്തും. ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് ബന്ധപ്പെട്ട വനംവകുപ്പ് ഓഫീസിൽനിന്നു സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രമേ ക്ലാസിൽ പ്രവേശനം ലഭിക്കും.

നേരത്തെ പാമ്പുപിടുത്തക്കാർക്ക് ലൈസൻസ് നിർബന്ധമാക്കി സംസ്ഥാന സർക്കാ ഉത്തരവിറക്കയത് അനധികൃത പാമ്പുപിടുത്തക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലായിരുന്നു. ലൈസൻസ് ഇല്ലാതെ പാമ്പിനെ പിടിക്കുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ ഉറപ്പാക്കുന്ന രീതിയിലാകും ഇത് സംബന്ധിച്ച് നിയമം പാസ്സാക്കുക. വനം വകുപ്പാണ് പാമ്പുപിടുത്തക്കാർക്ക് ലൈസൻസ് നൽകുക. ജില്ല അടിസ്ഥാനത്തിലാകും ഇത് നടപ്പിൽ വരുത്തുക. താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച ശേഷം ആവശ്യമായ പരിശീലനം നൽകും. തുടർന്ന് ലൈസൻസ് നൽകുകയും ഇവരുടെ വിവരങ്ങൾ പൊലീസിനും ഫയർഫോഴ്സിനും തദ്ദേശസ്ഥാപനങ്ങൾക്കും കൈമാറുകയും ചെയ്യും.

പാമ്പുപിടുത്തക്കാർക്ക് പരിശീലനം നൽകി ലൈസൻസ് എടുക്കാൻ ഒരു വർഷത്തെ സാവകാശം അനുവദിക്കും. അതുവരെ ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം തുടരും. അശാസ്ത്രീയമായ രീതിയിലുള്ള പാമ്പുപിടുത്തം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാമ്പുപിടിത്തക്കാരനായ സക്കീർ ഹുസൈൻ ഞായറാഴ്‌ച്ച പാമ്പുപിടിത്തത്തിനിടെ മരിച്ചിരുന്നു. വാവ സുരേഷിനും നിരവധി തവണ പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. കൊല്ലം അഞ്ചലിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവവും വാർത്താപ്രാധാന്യം നേടിയിരുന്നു. പാമ്പുപിടിത്തക്കാരനിൽ നിന്നാണ് പ്രതി പാമ്പിനെ വാങ്ങിയിരുന്നത്.