ഹൂസ്റ്റൺ: കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ ഒരിക്കൽ പോലും സംഭവിച്ചിട്ടില്ലാത്ത വിധം അതിശൈത്യം രൂപപ്പെടുന്നതിനാൽ ഫെബ്രുവരി 14 ഞായർ മുതൽ 16 ചൊവ്വാഴ്ച വരെ വീടുകളിൽ തന്നെ കഴിയുന്നതാണ് സുരക്ഷിതമെന്ന് ഫെബ്രുവരി 12-ന് വെള്ളിയാഴ്ച ഹൂസ്റ്റൺ മേയർ സിൽവെസ്റ്റർ ടർണറും, ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൻഗോയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

ഇത്തരം കാലാവസ്ഥയെ പ്രതിരോധിക്കുന്നവിധത്തിലുള്ളതല്ല നമ്മുടെ ഇൻഫ്രാസ്ട്രക്ചർ എന്നും ഇവർ പറഞ്ഞു. ഐസ്, സ്നോ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മരങ്ങൾ ഒടിഞ്ഞുവീണ് പവർലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും, റോഡിൽ ഐസ് രൂപപ്പെടുന്നതിനും സാധ്യത വളരെ കൂടുതലാണ്.

ഭവനരഹിതരെ അതിശൈത്യത്തിൽ നിന്നു രക്ഷിക്കുന്നതിന് ജോർജ് ആർ ബ്രൗൺ കൺവൻഷൻ സെന്റർ വാമിങ് സെന്ററായി മാറ്റിയിട്ടുണ്ടെന്നും, സിറ്റിയുടെ പല സ്ഥലങ്ങളിലും ഇത്തരം സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. ശനിയാഴ്ച കാലാവസ്ഥ മോശമല്ലാത്തതിനാൽ വീടുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും, അത്യാവശ്യ സാധനങ്ങളും വാങ്ങിവയ്ക്കണമെന്നും ഹൂസ്റ്റൺ ജനതയോട് മേയറും, ജഡ്ജിയും ആവശ്യപ്പെട്ടു.