പാലക്കാട്: ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ തുറന്നടിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പരിഹസിച്ചായിരുന്നു ബിജെപിയുടെ തീപ്പൊരി വനിതാ നേതാവിന്റെ പ്രതികരണം. കെ സുരേന്ദ്രൻ കിട്ടിയത് മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണെന്നും മത്സരിക്കുന്ന രണ്ട് മണ്ഡലത്തിലും അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. പ്രഗത്ഭന്മാരാണ് പട്ടികയിൽ ഇടംപിടിച്ചവരെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കെജി മാരാർക്കും അതുപോലെ ആദരണയീരായ ഒ രാജഗോപാലിനും കുമ്മനം രാജശേഖരനും ഉൾപ്പടെ മറ്റാർക്കും കിട്ടാത്ത വളരെ വലിയ സൗഭാഗ്യമാണ് കേന്ദ്രനേതൃത്വം അദ്ദേഹത്തിന് കനിഞ്ഞ് നൽകിയത്. രണ്ട് സീറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. രണ്ട് സീറ്റിലും വിജയാശംസകൾ നേരുന്നു. മത്സരിക്കാനില്ലെന്ന് വളരെ നേരത്തെ തന്നെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രനേതൃത്വം എന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ അഭിപ്രായം അറിയിച്ചപ്പോൾ പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടാവുമെന്നും ഇന്നലെ കേന്ദ്രനേതൃത്വം തന്നെ അറിയിച്ചിരുന്നു. എന്നാൽ പട്ടിക വന്നപ്പോൾ തന്റെ പേര് അതിലില്ലെന്നും ശോഭ പറഞ്ഞു.

പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയായാലും അത് ഭംഗിയായി നിർവഹിക്കും. ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിൽ ജയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. ഇതാണ് പ്രധാനമെന്നും തന്റെ കാര്യത്തിന് പ്രസക്തിയല്ലെന്നും ശോഭ പറഞ്ഞു. അതേസമയം ശോഭാ സുരേന്ദ്രന് സ്ഥാനാർത്ഥിത്വം നൽകിയാൽ താൻ രാജിവെക്കുമെന്ന് കേന്ദ്രനേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചതിന് പിന്നാലെയാണ് ശോഭയുടെ പേര് പട്ടികയിൽ ഇടംപിടിക്കാതെ പോയതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടത് വർധിച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. ആത്മവിശ്വാസ കുറവുള്ളതുകൊണ്ടല്ല രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. രണ്ടും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ 89 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട സീറ്റാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയും സിപിഎമ്മിന്റെ സഹായത്തോടെയാണ് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിപരമായി വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി. പ്രത്യേകിച്ച് ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ പേരിൽ വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുക എന്നത് ഇന്ത്യയിൽ പുതിയ കാര്യമല്ല. സംസ്ഥാനത്തും പുതിയ കാര്യമല്ല. പ്രമുഖരായ പല നേതാക്കളും രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. ദേശീയ തലത്തിലും ആളുകൾ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിൽ അത് തെറ്റായി കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇ. ശ്രീധരനെപ്പോലെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രഗത്ഭരുടെ പട്ടികയാണ് പുറത്തിറക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു. പല ജനറൽ സീറ്റുകളിലും പട്ടികജാതി- പട്ടികവർഗ സമൂഹത്തിൽപ്പെട്ട പ്രമുഖരായിട്ടുള്ള ആളുകളെ നിർത്തിയിട്ടുണ്ട്. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. എട്ട് ക്രിസ്ത്യൻ സ്ഥാനാർത്ഥികളേയും രണ്ട് മുസ്ലിം സ്ഥാനാർത്ഥികളേയും സ്ഥാനാർത്ഥിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ കുട്ടിച്ചേർത്തു.