കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തമ്മിൽ കോർത്ത ബ്രണ്ണൻ കോളേജ് വിവാദത്തിന് പിന്നാലെ കെ സുധാകരനെ കണ്ട് ഫ്രാൻസിസിന്റെ മകൻ. കണ്ണൂരിലെ വസതിയിൽ എത്തിയാണ് ഫ്രാൻസിസിന്റെ മകൻ ജോബി സുധാകരനുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. അച്ഛന്റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി കൂടിക്കാഴ്‌ച്ചക്ക് ശേഷം പറഞ്ഞു.

കെ സുധാകരന് അച്ഛനുമായുണ്ടായിരുന്നത് വളരെ അടുത്ത ആത്മബന്ധമായിരുന്നു. കലാലയ രാഷ്ട്രീയ കാലത്ത് നടന്ന സംഭവങ്ങൾ ചർച്ചയാക്കേണ്ട കാര്യമില്ല. സുധാകരനെതിരെ നിയമനടപടിക്കില്ലെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജോബി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ മലയാള മനോരമ ആഴ്‌ച്ചപ്പതിപ്പിൽ സുധാകരൻ നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസും താനും ചേർന്ന് പിണറായിയെ ആക്രമിച്ചെന്ന് സുധാകരൻ പറഞ്ഞത്. ഈ സംഭവം മുഖ്യമന്ത്രി ഏറ്റുപിടിച്ചതോടെയാണ് സംഭവം വിവാദങ്ങൾക്ക് ഇടയാക്കിയതും.

ക്യാമ്പസിൽ വച്ച് ഫ്രാൻസിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നുമായിരുന്നു സുധാകരന്റെ വിവാദ പരാമർശം. സുധാകരന്റെ പരാമർശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നുമായിരുന്നു ദിവസങ്ങൾക്ക് മുമ്പ് ജോബി പറഞ്ഞത്. മൈക്ക് കൊണ്ട് അച്ഛൻ പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നും അന്ന് ജോബി വിശദീകരിച്ചിരുന്നു.

അച്ഛൻ ഫ്രാൻസിസിന് പിണറായി വിജയനുമായി പിൽക്കാലത്തും സൗഹൃദമുണ്ടായിരുന്നു. അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിളിപ്പേര് പോലും ഓർത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ജോബി പറഞ്ഞിരുന്നു.

തന്റെ പിതാവ് മരിച്ചിട്ട് ഇപ്പോൾ ഇരുപത് വർഷം പിന്നിട്ടിരിക്കുകയാണ്. കോളജിൽ പഠിക്കുന്ന കാലത്ത് പിതാവ് ഒരു കെ. എസ്. യു പ്രവർത്തകനായിരുന്നു. ആ കാലഘട്ടത്തിൽ ഒരു ആക്രമണത്തിനും പിതാവ് മുതിർന്നിട്ടില്ല. അതി ശേഷവും ആരെയും ഉപദ്രവിച്ചിട്ടില്ല. ഇതിന് എതിരെയാണ് ഫ്രാൻസിസിന്റെ ഭാര്യ മേരിക്കുട്ടിയും മകൻ ജോബി ഫ്രാൻസിസും രംഗത്ത് വന്നിരിക്കുന്നത്. പ്രസ്താവന പിൻവലിച്ച് സുധാകരൻ മാപ്പ് പറയുവാൻ തയ്യാറായില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുത്ത് നിയമപരമായി മുൻപോട്ട് പോകുമെന്ന് കുടുംബം അറിയിച്ചിരുന്നു,

കോളജ് കാലത്തിന് ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും അകന്ന പിതാവ് പിന്നീട് ഇടതുപക്ഷ സഹയാത്രികനായിരുന്നു. മദ്യവ്യവസായ തൊഴിലാളിയായ പിതാവ് സി. ഐ. ടി. യു മെമ്പറായിരുന്നു. കോളജ് കാലത്തിന് ശേഷവും പിണറായി വിജയനുമായി പിതാവ് ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കോഴിക്കോട് എത്തിയപ്പോൾ പിതാവുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നതായും ജോബി പറയുകയുണ്ടായി.

ബി. എയ്ക്ക് ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ പതിനാല് മാർക്കിന്റെ മാത്രം കുറവാണ് ഉണ്ടായിരുന്നത്. നന്നായി മദ്യപിക്കുമായിരുന്നെങ്കിലും തന്നെ ഒരിക്കലും നുള്ളി പോലും നോവിച്ചിട്ടില്ല. അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെയാണ് 24 മണിക്കൂറും കൈയിൽ കത്തിയുമായി നടക്കുവാൻ കഴിയുന്നതെന്നായിരുന്നു കുടുംബം ചോദിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഫ്രാൻസിസും വിവാദങ്ങളുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിതോടെ നാളെ മുഖ്യമന്ത്രി മറുപടി നൽകാത്ത പക്ഷം ബ്രണ്ണൻ വിവാദം അടഞ്ഞ അധ്യായമായി മാറാനാണ് സാധ്യത.