രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണെന്നും ജനാധിപത്യം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. ഛത്തീസ്‌ഗഢ് നിയമസഭാ മന്ദിരം ശിലാസ്ഥാപന ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കവെയാണ് സോണിയ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ പരോക്ഷ വിമർശനമുയർത്തിയത്.

ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾ രാജ്യത്ത് വിദ്വേഷത്തിന്റെ വിഷം പ്രചരിപ്പിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണ്, ജനാധിപത്യം നശിപ്പിക്കപ്പെടുന്നു. ഇന്ത്യയിലെ ജനങ്ങളും നമ്മുടെ ഗോത്രവർഗക്കാരും സ്ത്രീകളും യുവാക്കളും വായ അടച്ചിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. സോണിയ പറഞ്ഞു.

സ്വാതന്ത്ര്യം നേടി 75 വർഷത്തിനു ശേഷം ജനാധിപത്യവും ഭരണഘടനയും ഭീഷണി നേരിടേണ്ടിവരുന്ന ദുഷ്‌കരമായ സാഹചര്യം നമ്മുടെ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മഹാത്മാ​ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ബി.ആർ. അംബേദ്കറും ഉൾപ്പെടെയുള്ള പൂർവികർ ആരും സങ്കൽപിച്ചിട്ടുണ്ടാവില്ലെന്നും സോണിയ കൂട്ടിച്ചേർത്തു. രാജ്യത്തെ "ലോക്ഷാഹി" (ജനാധിപത്യം) യിൽ "തനാഷാഹി" (സ്വേച്ഛാധിപത്യം) യുടെ സ്വാധീനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച ശ്രീമതി ഗാന്ധി പറഞ്ഞു, "മോശം ചിന്ത ഇപ്പോൾ ആധിപത്യം പുലർത്തുന്നു, അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണ്, ജനാധിപത്യ സ്ഥാപനങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണ്- സോണിയ പറഞ്ഞു.