ന്യൂഡൽഹി: സെപ്റ്റംബർ 14ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സോണിയയും രാഹുൽ ​ഗാന്ധിയും പങ്കെടുക്കില്ല. സോണിയാ ​ഗാന്ധിയുടെ മെഡിക്കൽ ചെക്കപ്പിനായി ഇരുവരും വിദേശത്തായിരിക്കും സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മകൻ രാഹുൽ ഗാന്ധിക്കൊപ്പം പതിവ് വൈദ്യപരിശോധനയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ഭാഗത്തിൽ കോൺഗ്രസ് മേധാവി പങ്കെടുക്കില്ല.73 കാരിയായ സോണിയ ഗാന്ധി രണ്ടാഴ്ചയോളം പാർലമെന്റിന്റെ മൺസൂൺ സെഷന്റെ പകുതിയിലധികം സമയം പാർലമെന്റിൽ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. 

കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് പ്രിയങ്കാ ​ഗാന്ധിയും വിദേശത്തേക്ക് തിരിക്കും. ഇതോടെ രാഹുൽ മടങ്ങിയെത്തും എന്നുമാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. ഫെയ്സ് മാസ്ക് നിർബന്ധം. എംപിമാർ സാമൂഹിക അകലം പാലിക്കണം. ഇതിനായി ഇരുസഭകളുടേയും ചേംബറുകളും ഗാലറികളും ഉപയോഗപ്പെടുത്തും. ഒരു ദിവസം ഇരു സഭകളും നാല് മണിക്കൂർ വീതമായിരിക്കും ചേരുക.

യാത്രയ്ക്ക് മുന്നോടിയായി സോണിയ ഗാന്ധി തന്റെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭയിലും രാജ്യസഭയിലും സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും ഏകോപനത്തെ സംബന്ധിച്ചും സോണിയ നിർദ്ദേശങ്ങൾ നൽകിയെന്ന് പാർട്ടിയുടെ അടുത്തവൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ സഭകളിൽ ഉന്നയിക്കാനും നിർദ്ദേശം നൽകിയതായാണ് സൂചന. സാമ്പത്തിക തകർച്ച, കോവിഡ് പ്രതിരോധത്തിലെ കേന്ദ്രത്തിന്റെ വീഴ്ചകൾ തുടങ്ങിയവ കോൺഗ്രസ് ഉന്നയിക്കുമെന്നാണ് സൂചന.

സോണിയാ ഗാന്ധി ശനിയാഴ്ച പുലർച്ചെ വിദേശത്തേക്ക് പോയതായും സെപ്റ്റംബർ അവസാന വാരത്തിൽ തിരിച്ചെത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മെഡിക്കൽ പരിശോധനയ്ക്കായി പുറപ്പെടുന്നതിന് മുമ്പ് അവർ കോൺഗ്രസിന്റെ സംഘടനാ പുന സംഘടനയ്ക്ക് അനുമതി നൽകിയിരുന്നു.

​ഗുലാം നബി ആസാദ് അടക്കമുള്ള മുതി‍ർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റി കോൺ​ഗ്രസ് പ്രവ‍ർത്തക സമിതി കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ചിരുന്നു. നേതൃത്വത്തിന്റെ പിന്തുണയ്ക്കുന്ന കൂടുതൽ നേതാക്കളെ പ്രവ‍ർത്തനസമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഹരിയാനയുടെ ചുമതല വഹിച്ചിരുന്ന ഗുലാം നബി ആസാദിന് പകരമായി വിവേക് ​​ബൻസലിനെ നിയമിച്ചു. കോൺഗ്രസ് പ്രസിഡന്റിനെ ഉപദേശിക്കുന്ന ആറ് അംഗ ഹൈ-പവർ പാനലിൽ ഉൾപ്പെടുത്തിയ രാഹുൽ ഗാന്ധി വിശ്വസ്തനായ രൺദീപ് സുർജേവാലയാണ് പുന സംഘടനയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എന്നാൽ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ഒപ്പിട്ടയാളാണെങ്കിലും ജിതിൻ പ്രസാദിന് സ്ഥാനക്കയറ്റം ലഭിച്ചു. പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലക്കാരനായാണ് പ്രസാദിനെ നിയമിച്ചത്.

​ഗുലാംനബി ആസാദിന് പുറമെ അംബിക സോണി, മോത്തിലാൽ വോറ, മല്ലികാർജുൻ ഖാർഗെ എന്നിവരെയും എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിട്ടുണ്ട്. സംഘടനാ കാര്യങ്ങളിൽ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സമിതിയിൽ അംബിക സോണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പുതിയ അംഗങ്ങൾ - ദിഗ്‌വിജയ് സിങ്, രാജീവ് ശുക്ല, മാണികം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച് കെ പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബൻസൽ, ദിനേശ് ഗുണ്ടുറാവു, മനീഷ് ചത്രത്ത്, കുൽജിത് നാഗ്ര.

കേരളത്തിന്റെ ചുമതലയിൽ നിന്നും മുകുൾ വാസ്നികിനെ മാറ്റിയിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള താരിഖ് അൻവറാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതലയുള്ള പുതിയ എഐസിസി ജനറൽ സെക്രട്ടറി. മുകുൾ വാസ്നികിനെ മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി.വേണു​ഗോപാൽ എന്നിവ‍ർ പ്രവ‍ർത്തക സമിതിയിൽ തുടരും. കെസി വേണു​ഗോപാൽ സം​ഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കെ.സി.വേണു​ഗോപാൽ തുടരും. ആന്ധ്രാപ്രദേശിന്റെ ചുമതലയിൽ ഉമ്മൻ ചാണ്ടി തുടരും. അതേസമയം ​ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.

പ്രിയങ്ക ഗാന്ധി വാദ്ര ഉത്തർപ്രദേശിന്റെ ചുമതലയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ മാണികം ടാഗോർ തെലങ്കാനയുടെ ചുമതലയുള്ള പുതിയ സെക്രട്ടറിയായി ചുമതല വഹിക്കും. പവൻ കുമാർ ബൻസൽ അഡ്‌മിനിസ്ട്രേഷൻ ചുമതലയുള്ള സെക്രട്ടറിയായിരിക്കും, പഞ്ചാബ് ജനറൽ സെക്രട്ടറിയായി ഹരീഷ് റാവത്ത്, അസമിൽ ജിതേന്ദ്ര സിങ്എന്നിവർ ചുമതലയേൽക്കും. കഴിഞ്ഞ പ്രവ‍ർത്തക സമിതി യോ​ഗത്തിലെ തീരുമാന പ്രകാരം കോൺ​ഗ്രസ് അധ്യക്ഷയെ സഹായിക്കാനായി ആറം​ഗസമിതിയും രൂപീകരിച്ചു. ആന്റണി, വേണു​ഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, രൺദീപ് സു‍ർജേവാല എന്നീ നേതാക്കളെ ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.