കൊച്ചി: ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സന്തോഷിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇടുക്കി എം പി ഡീൻ കുര്യാക്കോസും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി.

എയർ ഇന്ത്യ വിമാനത്തിലാണ് ഡൽഹിയിൽ നിന്നും മൃതദേഹം എത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഏറ്റുവാങ്ങിയ സൗമ്യയുടെ മൃതദേഹവുമായി ആംബുലൻസ് ഇടുക്കിയേക്ക് യാത്ര തിരിച്ചു.

ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിൽ എത്തിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരൻ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക് എത്തിച്ചു.

നാളെ ഉച്ചകഴിഞ്ഞു കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണു സംസ്‌കാരം. ഇസ്രയേലിലെ അഷ്‌കലോണിൽ കെയർ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.

പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.

2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നൽകിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രയേൽ സർക്കാരിന് കൈമാറിയിരുന്നു.