ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ. കുറച്ച് സാമ്പിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അവർ അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ആശങ്കകൽ ഉയർന്ന സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി.

ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഐസിഡി പ്രസ്താവനയിൽ പറഞ്ഞു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ കൂടുന്നതെന്ന് അധികൃതർ പറയുന്നു.

ബി.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്. അവയ്ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കുമെന്നാണ് വിലയിരുത്തലെന്നും. ശാസ്ത്രജ്ഞർ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഡയഗ്‌നോസ്റ്റിക് ലബോറട്ടറികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും ജനസാന്ദ്രതയുള്ള ഗൗട്ടെങ്ങ് പ്രവിശ്യയിൽ ഈ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്തെ മറ്റ് എട്ട് പ്രവിശ്യകളിൽ ഇതിനകം തന്നെ വൈറസ് വകഭേദം ഉണ്ടായിരിക്കാമെന്നും അവർ പറഞ്ഞു.

ഏകദേശം 100 സാമ്പിളുകളിൽ ബി.1.1.529 വകഭേദം ഉള്ളതായി ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബോട്‌സ്വാനയിലും ഹോങ്കോങ്ങിലും ഇതേ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്ത കേസ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു യാത്രികനാണ്. എന്നാൽ ഗൗട്ടെങ്ങിലെ 90 ശതമാനം പുതിയ കേസുകളും ബി.1.1.529 ആയിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

വളരെ കുറച്ചുപേരിൽ മാത്രമാണ് നിലവിൽ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് (എൻഐസിഡി) വ്യാഴാഴ്ച അറിയിച്ചു.

പുതിയ വകഭേദത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പരിമിതമാണെങ്കിലും, ഈ വകഭേദത്തിനെക്കുറിച്ചും ഇത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ തങ്ങളുടെ വിദഗ്ദ്ധർ രാവും പകലും കഠിനമായി പ്രയത്നിക്കുകയാണെന്ന് എൻഐസിഡിയിലെ പ്രൊഫസർ അഡ്രിയാൻ പുരെൻ അറിയിച്ചു.

ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നോ ഈ പ്രദേശങ്ങൾവഴിയോ യാത്രചെയ്യുന്ന രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആശങ്ക പ്രകടിപ്പിച്ച നാല് വകഭേഗങ്ങളിൽ ഒന്നാണ് ബീറ്റ. വാക്സിനുകൾ ഈ വകഭേദത്തിനെതിരെ പ്രവർത്തിക്കില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വർഷം ആദ്യം രാജ്യത്ത് സി.1.2 എന്ന മറ്റൊരു വകഭേദം കണ്ടെത്തിയിരുന്നു. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് ദക്ഷിണാഫ്രിക്കയിലാണ്. ഏകദേശം മുപ്പത് ലക്ഷത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.