അബുദാബി: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 85 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 18.2 ഓവറിൽ 84 റൺസിന് ഓൾ ഔട്ടായി. 3.2 ഓവറിൽ എട്ട് റൺസിന് മൂന്ന് വിക്കറ്റെടുത്ത ആന്റിച്ച് നോർട്യയും നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കാഗിസോ റബാദയും ചേർന്നാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തത്. തബ്രിസ് ഷംസി രണ്ടും ഡ്വെയ്ൻ പ്രിട്ടോറിയസ് ഒരു വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റൺസ് എടുത്ത റീസ ഹെൻഡ്രിക്വസിന്റെ വിക്കറ്റാണ് നഷ്ടമായത്.

27 റൺസെടുത്ത മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറർ. ലിറ്റൺ ദാസ് 24 റൺസെടുത്തപ്പോൾ ഷമീം ഹുസൈൻ 11 റൺസെടുത്തു. മറ്റു ബാറ്റ്സ്മാന്മാർക്കൊന്നും രണ്ടക്കം കാണാനായില്ല. സ്‌കോർ ബോർഡിൽ 22 റൺസെത്തിയപ്പോഴേക്കും ഓപ്പണർ മുഹമ്മദ് നയീം പുറത്തായി. തൊട്ടടുത്ത പന്തിൽ സൗമ്യ സർക്കാറും ക്രീസ് വിട്ടു. പിന്നീട് ബംഗ്ലാദേശിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങിനെ പരീക്ഷിക്കാൻ അവർക്കായില്ല.

മൂന്ന് പന്ത് നേരിട്ട മുഷ്ഫീഖുർ റഹീമിനെ റണ്ണെടുക്കും മുമ്പെ റബാദ ഹെൻഡ്രിക്‌സിന്റെ കൈകകളിലെത്തിച്ചതോടെ വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസെന്ന നിലയിൽ നിന്ന് 24-3ലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തി. 10 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ക്യാപ്റ്റൻ മെഹമ്മദുള്ള(3), ആഫിസ് ഹൊസൈൻ(0) എന്നിവരെ കൂടി നഷ്ടമായ ബംഗ്ലാദേശ് 34-5ലേക്ക് തകർന്നടിഞ്ഞു.

സ്‌കോർ ബോർഡിൽ 45 റൺസെത്തിയപ്പോഴേക്കും പൊരുതി നിന്ന ലിറ്റൺ ദാസും(24) മടങ്ങി. പിന്നീട് എട്ടാമനായി ക്രീസിലെത്തിയ മെഹ്ദി ഹസനും(27) ഷമീം ഹൊസൈനും(11) ചേർന്ന് ബംഗ്ലാദേശിന് 50 കടത്തിയെങ്കിലും ബംഗ്ലാ കടുവകളുടെ വാലരിഞ്ഞ ആന്റിച്ച് നോർട്യ 100 കടക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു.

ദക്ഷിണാഫ്രിക്കക്കായി ആന്റിച്ച് നോർട്യയും കാഗിസോ റബാദയും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ തബ്രൈസ് ഷംസി 21 റൺസിന് രണ്ട് വിക്കറ്റെടുത്തു. ഡ്വയിൻ പ്രിട്ടോറിയസ് മൂന്നോവറിൽ 11 റൺസിന് ഒരു വിക്കറ്റ് വീഴ്‌ത്തി.

മൂന്നു മത്സരങ്ങളിൽ രണ്ട് വിജയവുമായി ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് അവസാന സ്ഥാനത്താണ്.