മം​ഗലുരു: സംഗീത വിസ്മയം ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന് മരണാനന്തര ആദരവുമായി മൈസൂർ സർവ്വകലശാല. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിൽ മൈസൂരു സർവകലാശാലയിൽ സ്റ്റഡി ചെയർ ഒരുക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി 5 ലക്ഷം രൂപയാണ് സർവ്വകലാശാല നീക്കിവെക്കുന്നത്. സംഗീതസംവിധായകൻ ഹംസലേഖ വിസിറ്റിങ് ഫാക്കൽറ്റിയാകാൻ സമ്മതിച്ചതായും സർവകലാശാലാ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ചു ധാരണയായത്.

സർവകലാശാലയുടെ ചരിത്രത്തിൽ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയർ സ്ഥാപിക്കുന്നത്. എസ്‌പിബിയുടെ സംഗീതയാത്രയെക്കുറിച്ചും സംഗീതരംഗത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ചും സ്റ്റഡി ചെയറിൽ രേഖപ്പെടുത്തും. ഗായകനെക്കുറിച്ച് പുസ്തകങ്ങൾ പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്. ഇതിഹാസ ഗായകനോടുള്ള ആദരവും സ്‌നേഹവുമാണ് ഇതിനു പിന്നിലെന്നും എസ്‌പിബിയുടെ പേരിൽ സ്റ്റഡി ചെയർ സ്ഥാപിക്കുന്ന കാര്യം മുന്നോട്ടു വച്ചപ്പോൾ തന്നെ യോഗത്തിലെ അംഗങ്ങളെല്ലാം ഒന്നടങ്കം സമ്മതം നൽകുകയായിരുന്നുവെന്നും വൈസ് ചാൻസലർ ജി.ഹേമന്ദ കുമാർ പറഞ്ഞു. കലാപ്രേമികൾക്കും കലാാരന്മാർക്കും നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്റ്റഡി ചെയർ സഹായിക്കുമെന്ന് യോഗത്തിൽ വിലയിരുത്തലുകൾ ഉണ്ടായി.

സപ്റ്റംബർ 25നാണ് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 5ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ തുടർചികിത്സാഫലം നെഗറ്റീവ് ആയെങ്കിലും തുടർന്ന് കോവിഡിന്റെ തുടർപ്രതിഫലനങ്ങൾ ആരോഗ്യനിലയെ പ്രതികൂലമായി ബാധിക്കൂകയായിരുന്നു. അദ്ദേഹത്തിന്റെ രോഗമുക്തിക്കും മടങ്ങി വരവിനും വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്ന ആരാധകവൃന്ദത്തെ കണ്ണീരിലാഴ്‌ത്തി എസ് പി ബി യാത്രയാവുകയായിരുന്നു.