ന്യൂഡൽഹി: യുഎഇയ്ക്ക് പിന്നാലെ രണ്ട് ഡോസ് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ഇന്ത്യയിൽ നിന്ന് സ്പെയിനിലേക്കും യാത്ര ചെയ്യാൻ അനുമതി. പോകാനുദ്ദേശിക്കുന്നതിന്റെ 14 ദിവസം മുമ്പെങ്കിലും രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധന.

ഓഗസ്റ്റ് രണ്ട് മുതൽ സ്പെയിനിലേക്കുള്ള എല്ലാ വിഭാഗം വിസകളും പുനരാരംഭിച്ചു. തുടക്കത്തിൽ ഡൽഹി, നേപ്പാൾ കേന്ദ്രങ്ങളിൽ കൂടി മാത്രമായിരിക്കും അപേക്ഷ സ്വീകരിക്കുക. അപേക്ഷകർ പൂർണ്ണമായും പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അവരെ എയർലൈനുകളോ ഇമിഗ്രേഷൻ അധികാരികളോ തിരിച്ചയക്കും.

നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇ അനുമതി നൽകിയിരുന്നു. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളർക്കാണ് യുഎഇ അനുമതി നൽകിയത്. എന്നാൽ വിസിറ്റിങ് വിസക്കാർക്ക് നിലവിൽ യുഎഇയിൽ പ്രവേശിക്കാനാവില്ല. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് അനുവദിച്ചത്.