വെംബ്ലി: യുറോകപ്പിലെ ആദ്യ സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം.കരുത്തരുടെ പോരാട്ടത്തിൽ ഇറ്റലി സ്‌പെയിനിനെ നേരിടും. ചാമ്പ്യൻഷിപ്പിന്റെ തുടക്കത്തിൽ അത്ര ഫോമിൽ അല്ലാതിരുന്ന സ്‌പെയിൻ മത്സരങ്ങൾ പുരോഗമിക്കുന്തോറും മെച്ചപ്പെട്ട് ഇന്ന് ആരെയും വെല്ലുവിളിക്കത്തക്ക ഫോമിലേക്ക് ഉയരുകയായിരുന്നു.എന്നാൽ ഇറ്റലിയാകട്ടെ ആദ്യ മത്സരം തൊട്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കാഴ്‌ച്ചവെക്കുന്നത്.അതിനാൽ തന്നെ രാത്രി 12.30 ആരംഭിക്കുന്ന ഒന്നാം സെമി കാണികൾക്ക് ആവേശമാകും.

90 മിനിറ്റ് കളിയിൽ ഏത് സമയത്തും എന്ത് മാറ്റവും വരുത്താനുള്ള പ്രതിഭാ സമ്പത്തുണ്ട് ഇറ്റാലിയൻ നിരയിൽ. മുന്നേറ്റത്തിൽ ഇമ്മൊബെലെയും ഇൻസീന്യേയും സൂപ്പർ ഫോമിൽ. പെസീനോ, ലൊക്കാറ്റെല്ലി, കിയേസ ത്രയങ്ങളിൽ ആരെ ഒഴിവാക്കുമെന്നാകും കോച്ച് റോബർട്ടോ മാഞ്ചീനിയുടെ മുന്നിലുള്ള സുഖകരമായ പ്രതിസന്ധി.

മധ്യനിരയുടെ എഞ്ചിനായിരുന്ന ലിയനാർഡോ സ്പിനസോളയുടെ പരിക്ക് മാത്രമാണ് ഇറ്റലിക്ക് തലവേദന സമ്മാനിക്കുന്ന ഒരേയൊരു കാര്യം. ലിയനാർഡോ സ്പിനസോളയ്ക്ക് പകരം ഇന്ന് എമേഴ്‌സൺ ടീമിലെത്തിയേക്കും. ഈ യൂറോയിൽ രണ്ട് കളിയിൽ അഞ്ച് ഗോൾ വീതമടിച്ച സ്‌പെയിൻ നിരയിലും മാറ്റങ്ങളുണ്ടാകും.

സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ പരിക്കേറ്റ സറാബിയ ഇന്ന് കളിക്കില്ല. ഡാനി ഒൽമോയാകും പകരക്കാരൻ. ക്ലബ്ബ് ഫുട്‌ബോളിലെ സൂപ്പർ പരിശീലകരായ മാഞ്ചിനിയുടെയും എന്റിക്കെയുടെയും തന്ത്രങ്ങളുടെ മാറ്റുരയ്ക്കൽ കൂടിയാകും വെംബ്ലിയിൽ. കഴിഞ്ഞ 32 കളികളിൽ തോൽവിയറിയാതെയാണ് ഇറ്റലി മുന്നേറുന്നത്. തുടരെ 13 കളികളിൽ ജയം മാത്രം. എന്നാൽ കണക്കിലെ ആനുകൂല്യം സ്‌പെയിനിനാണ്.ആകെ 33 കളികളിൽ സ്‌പെയിനും ഇറ്റലിയും ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. നേരിയ മുൻതൂക്കം സ്‌പെയിനിന് അവകാശപ്പെടാം.സ്‌പെയിൻ 12 കളികൾ ജയിച്ചപ്പോൾ ഇറ്റലി 9 കളിയിൽ ജയിച്ചു. 12 കളികൾ സമനിലയിൽ അവസാനിച്ചു.

ഇതിനൊക്കെ പുറമെ ഇത്തവണ യുറോയിലെ മറ്റൊരു അത്ഭുതം കൂടി ഇറ്റലിയോട് സ്‌പെയിനിന് മറികടക്കേണ്ടി വരും. മറ്റൊന്നുമല്ല ഇത്തവണ സെമിയിലേക്കുള്ള യാത്രയിൽ ഇറ്റലി മുട്ടുകുത്തിച്ചതൊക്കെയിം ചുവന്ന ജഴ്‌സിക്കാരെയായിരുന്നു.ആദ്യ ഇരയായത് ടൂർണമെന്റിലെ കറുത്തകുതിരകളാകുമെന്ന് കരുതിയ തുർക്കി. മൂന്നു ഗോൾ ജയത്തിന് പിന്നാലെ ചെമ്പടയായെത്തിയ സ്വിറ്റ്‌സർലൻഡിലെ വലയിലും ഇറ്റാലി നിക്ഷേപമറിക്കി. ചുവപ്പണിഞ്ഞെത്തിയ ഗാരത് ബെയിലിന്റെ വെയിൽസിനും കിട്ടി പണി.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ചുവപ്പന്മാരെയും താഴെയിട്ട ഇറ്റലിക്ക് പ്രീക്വാർട്ടറിൽ കിട്ടിയത് ഓസ്ട്രിയ. ഇറ്റലി കൊമ്പുകുലുക്കി ഒരിക്കൽ കൂടി ചെമ്പട്ടിനെ വെട്ടി. സെമി പ്രതീക്ഷയുമായി ബെൽജിയത്തിന്റെ സുവർണ തലമുറയെത്തിയപ്പോൾ ചുവപ്പിനെ കണ്ടുകൂടാത്ത ഇറ്റലി പതിവ് തെറ്റിച്ചില്ല.സെമിയിൽ ഇനി ഇറ്റലിക്ക് നേരിടേണ്ടത് കാളപ്പോരിന്റെ നാട്ടിൽ നിന്ന് വരുന്ന സ്‌പെയിനിനെ. ഇറ്റലിയുടെ സമീപകാല ചരിത്രമറിയാവുന്ന സ്‌പെയിൻ വെംബ്ലിയിൽ ചുവപ്പ് നിറം മാറ്റുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.