തിരുവനന്തപുരം: ഡോളർകടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത ശരിയെങ്കിൽ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തിൽ സ്പീക്കറുടെ സ്ഥാനം ഉന്നതമാണ്. ആ സ്പീക്കർ തന്നെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർക്കടത്ത് കേസിൽ പങ്കാളിയാവുന്നുവെന്നത് കേരളനിയമസഭയ്ക്ക് തന്നെ അപമാനകരമാണ്. മാന്യതയുണ്ടെങ്കിൽ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ തന്നെ ആ സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കർക്കെതിരെ ഉണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന് മൊഴി നൽകിയത്. ഈ സാഹചര്യത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. സ്പീക്കർക്ക് അടുത്ത ആഴ്ച കസ്റ്റംസ് നോട്ടീസ് നൽകും. അതിൽ ചോദ്യം ചെയ്യലിന്റെ തീയതിയും ഉണ്ടാകും.

വിവാദങ്ങളോട് പ്രതികരണത്തിന് ഇല്ലെന്നാണ് ഈ ഘട്ടത്തിൽ സ്പീക്കറുടെ നിലപാട്. തനിക്കൊന്നും അറിയില്ലെന്നും പറയുന്നു. ഈ ഘട്ടത്തിൽ സ്പീക്കറെ പ്രതിയാക്കാൻ കസ്റ്റംസ് തീരുമാനിച്ചിട്ടില്ല. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ജനറലിനെ ഏൽപ്പിക്കാൻ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് വെളിപ്പെടുത്തൽ. ഇക്കാര്യം ഉറപ്പിക്കാൻ തെളിവുകൾ വേണ്ടി വരും. സ്പീക്കറുടെ വിശദീകരണം സൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷമാകും കേസിൽ തീരുമാനങ്ങൾ എടുക്കും. സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കൽപ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.