കാസർകോട്: നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്വർണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാസർഗോഡ് നടന്ന മീറ്റ് ദ പ്രസിലാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ സുരേന്ദ്രൻ വീണ്ടും ആഞ്ഞടിച്ചത്. സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകളാണ്. സ്ഥാനത്തിന്റെ പവിത്രത അദ്ദേഹം നഷ്ടപ്പെടുത്തി. നിയമസഭയിലെ പുനരുധാരണ പ്രവർത്തനങ്ങളിൽ സ്പീക്കർ ഇടപെട്ടു. തെളിവുകൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. തൃപ്തികരമായ വിശദീകരണം നൽകാൻ സ്പീക്കർക്കാകുന്നില്ല. സ്പീക്കർക്ക് ആ പദവിയിൽ അധികകാലം പിടിച്ച് നിൽക്കാനാകില്ല. ജനാധിപത്യ സംവിധാനത്തിന്റെ അടിവേര് അറക്കുന്ന നടപടിക്ക് കൂട്ടുനിന്ന സ്പീക്കർ ഉടൻ രാജി വെക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ സി.എം രവീന്ദ്രൻ ആശുപത്രിയിൽ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്. സി.എം രവീന്ദ്രൻ എന്നാൽ സി.എമ്മിന്റെ രവീന്ദ്രൻ ആണ്. അഴിമതി വിവരങ്ങൾ മറച്ച് വക്കാൻആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സി.എം രവീന്ദ്രന്റെ അസുഖം എന്തെന്ന് വെളിപ്പെടുത്താൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറാകണം.

മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി യെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി കുടുങ്ങും. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും സി.എം രാവിന്ദ്രനും ഒത്തുകളിക്കുകയാണ്. അതിനാലാണ് കടകംപ്പള്ളി രവീന്ദ്രനെ ന്യായീകരീക്കുന്നത്. വിദഗ്ദ്ധ മെഡിക്കൽ സംഘം രവീന്ദ്രന്റെ ആരോഗ്യ നില പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. മന്ത്രി കെ.ടി ജലീൽ രക്ഷപ്പെട്ടിട്ടില്ല. അന്വേഷണം അവസാനിക്കുമ്പോൾ ജലീലും പ്രതിയാകും. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രിക്ക് പോലും എതിർ അഭിപ്രായമില്ല.

യു.ഡി.എഫ് എന്നാൽ ഇപ്പോൾ മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ആണ്. കോൺഗ്രസ് ലീഗിന്റെ അടിമകളായി മാറി. വർഗീയതാണ് യു.ഡി.എഫിന്റെ ആയുധം. തദ്ദേശ തിരെഞ്ഞെടുപ്പിൽ സർക്കാരിന്റെ അഴിമതി ഉയർത്തി കാട്ടുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷം കോൺ്ഗ്രസ് തേഞ്ഞുമാഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയാണ് എൽ.ഡി.എഫിനെ നേരിടുന്നത്. ക്രൈസ്ത സമൂഹത്തിന്റെ വലിയ പിന്തുണ എൻ.ഡി.എക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.