തിരുവനന്തപുരം: കാലവർഷ സമയത്ത് കടലിൽ പോകാനാകാത്ത മത്സ്യത്തൊഴിലാളികൾക്ക് ദിവസം 200 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. എല്ലാ മത്സ്യത്തൊഴിലാളികൾക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു

തീരദേശ എംഎൽഎമാരുടെ അവലോകന യോഗത്തിൽ തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതിയും ആസൂത്രണം ചെയ്തു. കാലവർഷം വരാനിരിക്കെ കടൽകയറ്റം കൂടുതൽ രൂക്ഷമാകുന്ന സാധ്യത മുന്നിൽ കണ്ടാണ് മന്ത്രി തീരദേശ മണ്ഡലങ്ങളിലെ എംഎൽഎമാരുടെ യോഗം വിളിച്ചത്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള 57 കിലോമീറ്ററിൽ സംരക്ഷണ ഭിത്തി ഉടൻ തീർക്കുമെന്നും മന്ത്രി അറിയിച്ചു.

ഒട്ടേറെ കുടുംബങ്ങളാണ് കടൽകയറി വീട് നഷ്ടപ്പെട്ട് ക്യാംപുകളിലേക്ക് മാറിയിരിക്കുന്നത്. ക്യാംപുകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കും. കടൽ പ്രക്ഷുബ്ധമാകുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാവില്ല. ഈ ദിവസങ്ങളിൽ ദിവസം 200 രൂപയും ഭക്ഷ്യകിറ്റും നൽകും. തീരദേശ റോഡുകൾ നന്നാക്കാൻ 80 കോടി രൂപ ഉടൻ അനുവദിക്കും. നിലവിൽ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.