തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കർമസമിതിയും ഹിന്ദുഐക്യവേദിയും നാളെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു.ഡി.ജി.പിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു യോഗം. ശബരിമല കർമസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്തു.
ഹർത്താലിൽ അക്രമം കാട്ടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി മുന്നറിയിപ്പ് നൽകി. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടപരിഹാരം ഈടാക്കും. ഹർത്താലിൽ അക്രമം കാട്ടുന്നവരെ അറസ്റ്റ് ചെയ്യും.

എല്ലാ സോണൽ എഡിജിപിമാർക്കും റേഞ്ച് ഐജിമാർക്കും കർശന നടപടി സ്വീകരിക്കാനുള്ള നിർദ്ദേശം ഡിജിപി ലോക്നാഥ് ബെഹ്റ നൽകി.നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ ശ്രമിക്കുകയോ അക്രമത്തിന് മുതിരുകയോ ചെയ്താൽ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഹൈക്കോടതിയുടെ മാർഗനിർദ്ദേശം കണക്കിലെടുത്താണിത്.ശബരിമലയിൽ യുവതികൾ പ്രവശിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ വലിയ അക്രമ സംഭവങ്ങൾക്ക് വഴി വെച്ചതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കാനുള്ള തീരുമാനം.

ഹർത്താലിന്റെ പശ്ചാത്തലത്തിൽ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഏതെങ്കിലും വിധത്തിലുള്ള അക്രമത്തിൽ ഏർപ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹർത്താൽ അനുകൂലികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

പൊതുമുതൽ നശിപ്പിക്കുന്നവരുടെ കൈയിൽ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാൻ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ, സ്വത്തു വകകളിൽ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. കടകൾ തുറന്നാൽ അവയ്ക്ക് ആവശ്യമായ സംരക്ഷണം നൽകും. ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അക്രമത്തിന് മുതിരുന്നവർക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കും. വ്യക്തികൾക്കും വസ്തുവകകൾക്കും എതിരെയുള്ള അക്രമങ്ങൾ കർശനമായി തടയണം.

എല്ലാ വിധത്തിലുമുള്ള അനിഷ്ട സംഭവങ്ങൾ തടയുന്നതിന് ആവശ്യമായ സുരക്ഷ എർപ്പെടുത്തണം. സർക്കാർ ഓഫീസുകൾ, കെ.എസ്.ഇ.ബി, മറ്റ് ഓഫീസുകൾ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണം. കെ..എസ്.അർ.ടി.സി ബസുകൾ സ്വകാര്യ ബസുകൾ എന്നിവ തടസ്സം കൂടാതെ സർവ്വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കണം. കോടതികളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റും പട്രോളിംഗും ഏർപ്പെടുത്തണം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഓഫീസിന് മതിയായ സംരക്ഷണം ഒരുക്കണം. ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് ഡിജിപിയുടെ ഉത്തരവിലുള്ളത്.

അതേസമയം നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി. വ്യാപാരികളുടെ ഭീഷണി വേണ്ടെന്ന് ബിജെപി തിരിച്ചടിച്ചു .ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് വ്യാപാരമേഖലയെ താങ്ങി നിർത്തുന്നത്. വ്യാപാരികൾ ഹർത്താലിനോട് സഹകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതിയും കാലിക്കറ്റ് ചേമ്പറും ഹർത്താലിനെതിരെ തിരിയുന്നത് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാവ് പി. രഘുനാഥ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഹർത്താൽ ആര് നടത്തിയാലും സഹകരിക്കില്ലെന്ന് കാലിക്കറ്റ് ചേമ്പർ നേരെത്തെ വ്യക്തമാക്കിയിരുന്നു. നാളെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും തടയാൻ ശ്രമിച്ചാൽ സി.സി ടിവിയിലൂടെ ദൃശ്യങ്ങൾ പകർത്തി കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീൻ വ്യക്തമാക്കിയിരുന്നു.

വ്യാപാര വ്യവസായ ഏകോപന സമിതിയിലുള്ള 96 സംഘടനകളും ഹർത്താലിനെതിരായി അണിനിരക്കും. എല്ലാ സംഘടനാ പ്രതിനിധികളോടും ചർച്ച നടത്തി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയോട് ഹർത്താലിനെ അനുകൂലിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസീറുദ്ദീൻ പറഞ്ഞു. എന്നാൽ ബിജെപി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

പി.രഘുനാഥിന്റെ പോസ്റ്റ്:

നസറുദീനും ,കാലിക്കറ്റ് ചേമ്പറും ഹർത്താലിനെതിരെ തിരിയുന്നത് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യം.നാളെത്തെ ഹർത്താൽ എന്തും വില കൊടുത്തും വിജയിപ്പിക്കും .എല്ലാവരും ശബരിമല വിശ്വാസികളുടെ വികാരം മനസ്സിലാക്കണം .നാളത്തെ ഹർത്താൽ ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണ് .അത് തികച്ചും വൈകാരികമാണ് .അതിനാൽ ഹർത്താൽ വിജയിപ്പിക്കുവാൻ എല്ലാ വിശ്വാസികളും അരയും തലയും മുറുക്കി ഇറങ്ങും .എല്ലാ വ്യാപാരികളും തൊഴിലാളികളും വാഹന ഉടമകളും ഹർത്താലിൽ സഹകരിക്കണം