ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ നിയമനടപടികൾ വൈകുന്നത് വിവാദമാകുന്നതിനിടെ, സഭയിലെ കന്യാസ്ത്രീകളുടെ ജീവിതം ഫ്രാങ്കോയെപ്പോലുള്ളവരുടെ കാൽച്ചുവട്ടിലാണെന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്ത്. കർത്താവിന്റെ മണവാട്ടികളാകാൻ പുറപ്പെട്ട പാവപ്പെട്ട കന്യാസ്ത്രീകളെ ഇന്ത്യയിലെ വൈദികർ ലൈംഗിക അടിമകളെപ്പോലെയാണ് കാണുന്നതെന്ന അസോസിയേറ്റ് പ്രസിന്റെ അന്വേഷണ റിപ്പോർട്ട് പാശ്ചാത്യ മാധ്യമങ്ങളടക്കം ഏറ്റെടുത്തുകഴിഞ്ഞു.

കിടപ്പുമുറികളിലേക്ക് അതിക്രമിച്ചുകടന്നുവരികയും തരംകിട്ടിയാൽ ശരീരത്ത് കടന്നാക്രമണം നടത്തുകയും ചെയ്യുന്ന വൈദികരെക്കുറിച്ചാണ് കന്യാസ്ത്രീകളിൽപ്പലരും പറഞ്ഞതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. മദ്യപിച്ച് ഉന്മാദാവസ്ഥയിലാണ് വൈദികരിൽ പലരുമെന്ന് കന്യാസ്ത്രീകൾ പറയുന്നു. കർത്താവിന്റെ പ്രതിപുരുഷന്മാരോട് എങ്ങനെ വേണ്ടെന്ന് പറയുമെന്ന് അറിയില്ലെന്നായിരുന്നു നിസ്സഹായയായ മറ്റൊരു കന്യാസ്ത്രീയുടെ മറുപടി. തുടർച്ചയായി ബലാത്സംഗത്തിനിരയാകുന്നവരാണ് കന്യാസ്ത്രീകളിൽ പലരും. എന്നാൽ, തങ്ങളെ സംരക്ഷിക്കാൻ സഭാനേതൃത്വം രംഗത്തുവരില്ലെന്ന് അറിയാവുന്നതുകൊണ്ട് അവർ നിശ്ശബ്ദം സഹിക്കുന്നു.

ലോകത്ത് വിവിധ രാജ്യങ്ങളിൽ കന്യാസ്ത്രീകൾക്കെതിരേ വൈദികരിൽനിന്നും ബിഷപ്പുമാരിൽനിന്നുമുണ്ടാകുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടും അതു തടഞ്ഞുനിർത്താൻ വത്തിക്കാനിൽനിന്ന് വേണ്ട നടപടികളുണ്ടാകുന്നില്ല. സഭാനേതൃത്വത്തിന്റെ ഈ മൗനം, പീഡനം തുടരാൻ പലർക്കും ഊർജമായി മാറുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ കന്യാസ്ത്രീകളുടെ ജീവിതം കേന്ദ്രീകരിച്ച് അസോസിയേറ്റഡ് പ്രസ് അന്വേഷണം നടത്താനിടയായത് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം വലിയ വാർത്തയാവുകയും ബിഷപ്പ് ജയിലിലാവുകയും ചെയ്തതോടെയാണ്.

ഇതിന്റെ ഭാഗമായി സംസാരിച്ച കന്യാസ്ത്രീകളും മുമ്പ് കന്യാസ്ത്രീമാരായിരുന്നവരും വൈദികരും സഭയുമായി ബന്ധമുള്ള മറ്റുള്ളവരും ഇത്തരം അനുഭവങ്ങൾ പങ്കുവെച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കന്യാസ്ത്രീ ജീവിതത്തിലേക്ക് കടക്കുന്ന ചെറുപ്പക്കാരികളാണ് കൂടുതലും പീഡനത്തിന് ഇരയാകുന്നത്. പുതിയ ജീവിതക്രമവുമായി യോജിച്ചുപോകാൻ പാടുപെടുന്ന അവർക്ക്, വൈദികരിൽനിന്നുണ്ടാകുന്ന പീഡനങ്ങളെ ചെറുക്കാൻ സാധിക്കാറില്ല. പതുക്കെ നിശബ്ദമായി അത് സഹിക്കുകയെന്ന തലത്തിലേക്ക് അവരുടെ ജീവിതം മാറുന്നതായും അനുഭവങ്ങളിലൂന്നിനിന്നുകൊണ്ട് പലരും പറഞ്ഞു.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാലും അത് തുറന്നുപറഞ്ഞാൽ സഭയിൽനിന്ന് ബഹിഷ്‌കൃതയാവുകയാണ് പലപ്പോഴും ചെയ്യുന്നതെന്ന് കന്യാസ്ത്രീകളിലൊരാൾ പറഞ്ഞു. സഭയിൽനിന്ന് ഒറ്റപ്പെടുന്ന അവസ്ഥ വന്നേക്കാം. ചിലപ്പോൾ വ്യാജ ആരോപണങ്ങൾ ചുമത്തി പുറത്താക്കിയേക്കാം. പുറത്താക്കപ്പെടുന്ന കന്യാസ്ത്രീ സമൂഹത്തിൽനിനിന്ന് നേരിടേണ്ടിവരുന്ന ചോദ്യങ്ങളെ ഭയന്ന് പലരും എല്ലാം നിശബ്ദം സഹിക്കാൻ തീരുമാനിക്കുകയാണെന്നും എ.പി.യോട് സംസാരിച്ച കന്യാസ്ത്രീ പറഞ്ഞു.

പേരോ മറ്റു വിവരങ്ങളോ പുറത്തുവിടില്ലെന്ന ഉറപ്പോടെയാണ് കന്യാസ്ത്രീകൾ സംസാരിക്കാൻ തയ്യാറായത്. മിക്കവരും വൈദികരിൽനിന്ന് ഒരിക്കലോ പലവട്ടവോ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവരത് പുറത്തുപറയാൻ തയ്യാറാകുന്നില്ലെന്ന് മാത്രം. ബിഷപ്പ് ഫ്രാങ്കോ 13 തവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ഒരു കന്യാസ്ത്രീ രംഗത്തുവരികയും ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് അതേ സഭയിലെ മറ്റു കന്യാസ്ത്രീകൾ സമരം ചെയ്യുകയും ചെയ്തതോടെയാണ് തുറന്നുപറയാൻ പലർക്കും ധൈര്യം കിട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫ്രാങ്കോയ്‌ക്കെതിരെ തെരുവിലിറങ്ങിയ കന്യാസ്ത്രീകളെ ഒറ്റപ്പെടുത്തുകയാണെന്ന് സിസ്റ്റർ ജോസഫൈൻ വില്ലൂന്നിക്കൽ പറഞ്ഞു. സഭയ്‌ക്കെതിരേ പ്രവർത്തിച്ചുവെന്ന തരത്തിലാണ് പ്രചാരണം. എന്നാൽ, സത്യത്തിനും നീതിക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും മരണംവരെ കന്യാസ്ത്രീയായി തുടരുമെന്നും 23 വർഷമായി സന്യാസജീവിതം നയിക്കുന്ന സിസ്റ്റർ ജോസഫൈൻ പറഞ്ഞു. സമരരംഗത്തിറങ്ങിയ കന്യാസ്ത്രീകൾക്ക് പൊതുസമൂഹത്തിൽനിന്ന് കിട്ടിയ പിന്തുണയാണ് അവരുടെ സമരവീര്യം കെടാതെ സൂക്ഷിക്കാൻ സഹായിക്കുന്നത്.