പെൺകുഞ്ഞുങ്ങളോട് കടുത്ത വിവേചനം പുലർത്തുന്ന നാടുകൾ ഇന്ത്യയിൽ ഇപ്പോഴുമുണ്ട്. ഭ്രൂണഹത്യയിലൂടെയും ജനിച്ചയുടനെയും പെൺകുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന രീതി പലയിടത്തും രഹസ്യമായി തുടരുന്നു. എന്നാൽ, പെൺകുട്ടികളോടുള്ള അത്തരം വിവേചനങ്ങളെ സ്വന്തം ജീവിതം കൊണ്ട് തോൽപിക്കുകയാണ് 23-കാരിയായ അന്മോൽ റോഡ്രിഗസ്. പിറന്ന് രണ്ടുമാസമായപ്പോൾ ആസിഡ് ആക്രമണത്തിനിരയായ അമോൽ, ജീവിതംകൊണ്ട് തെളിയിക്കുന്നത് ഈ ക്രൂരമായ വിവേചനത്തോടുള്ള പോരാട്ടം തന്നെ. 

അമ്മയുടെ മടിയിൽ കിടന്ന് മുലകുടിച്ചുകൊണ്ടിരിക്കെയാണ് അന്മോലിനും അമ്മയ്ക്കും നേർക്ക് ആസിഡ് ആക്രമണമുണ്ടായത്. അമ്മയെയും കുഞ്ഞിനെയും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. സ്വന്തം അച്ഛൻ നടത്തിയ ക്രൂരമായ ആക്രമണത്തിൽ അമോലിന് ഇടതുകണ്ണ് നഷ്ടമായി. മുഖം കരിഞ്ഞ് വികൃതമായി. ആക്രമണത്തെ അമോൽ അതിജീവിച്ചെങ്കിലും അവളുടെ അമ്മ പൊള്ളലേറ്റ് ദാരുണമായി മരിച്ചു. പിറന്നുവീണ് അധികമാകുന്നതിന് മുന്നെ കൊടിയ വേദനയിലാണ്ടുപോയ ജീവിതം അന്മോൾ തിരിച്ചുപിടിച്ചത് ഏറെ കഷ്ടപ്പാടുകളിലൂടെയാണ്.

അച്ഛൻ അഷ്‌റഫിന്റെ ആക്രമണത്തിനിരയായ അന്മോളെയും അമ്മ അന്നുവിനെയും അയൽക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അന്നു ആശുപത്രിയിൽ മരിച്ചു. അന്മോളിന് പരിക്കിൽനിന്ന് മുക്തയായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആശുപത്രിയിൽ കഴിയേണ്ടിവന്നത് അഞ്ചുവർഷത്തോളമാണ്. പരിക്കിൽനിന്ന് അല്പംഭേദമായപ്പോൾ അന്മോളെ അധികൃതർ ശ്രീ മാനവ് സേവാ സംഘ് എന്ന അനാഥാലയത്തിന് കൈമാറുകയായിരുന്നു. അവിടെയാണ് പിന്നീടവൾ വളർന്നത്.

ഇന്ന് മുംബൈയിൽ അറിയപ്പെടുന്ന ഫാഷൻ മോഡലാണ് അന്മോൾ. മികച്ചൊരു നർത്തകിയും. ഇതിനൊക്കെപ്പുറമെ, ആസിഡ് ആക്രമണത്തിന് ഇരയായവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന സന്നദ്ധസംഘടനയ്ക്കും അവർ നേതൃത്വം നൽകുന്നു. ആസിഡ് സർവൈവർ സഹസ് ഫൗണ്ടേഷൻ ഇതുവരെ ഇരുപതോളം യുവതികളെ പുനരധിവസിപ്പിച്ചു. ആക്രമണത്തിനിരയായി എന്നതിന്റെ പേരിൽ ഒതുങ്ങിയിരുന്നാൽ, ആക്രമിച്ചവർ വിജയിക്കുന്ന അവസ്ഥയാകുമെന്ന് അന്മോൾ പറയുന്നു.

അന്മോളിന്റെ ഫാഷൻ ഫോട്ടോഷൂട്ടുകളും നൃത്തരംഗങ്ങളും സോഷ്യൽ മീഡിയയിൽ പിന്തുടരുന്നവരേറെയാണ്. ഇൻസ്റ്റഗ്രാമിൽ 25,000-ത്തോളം പേരാണ് ഫോളോ ചെയ്യുന്നത്. തന്റെ രൂപമെന്താണ് ഇത്തരത്തിലായതെന്നത് അന്മോളെ ചെറുപ്പത്തിൽ വേട്ടയാടിയിരുന്നു. അതിന്റെ കാരണമറിഞ്ഞപ്പോൾ, അതിനെ അതിജീവിക്കണമെന്ന വാശിയായി. അതാണ് തന്റെ ജീവിതത്തെ ഇപ്പോഴത്തെ നിലയിലെത്തിച്ചതെന്ന് അന്മോൾ പറയുന്നു. രണ്ടുവർഷം മുമ്പ് കോളേജ് പഠനം പൂർത്തിയാക്കിയ അവർ, അനാഥാലയത്തിൽനിന്ന് മാറി തനിച്ചാണ് ഇപ്പോൾ താമസിക്കുന്നത്.