രാജ്യത്തെ ആശുപത്രികളിലെ വെന്റിലേറ്ററുകളും ഐസിയുകളും നിറയുന്ന സാഹചര്യത്തിൽ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ കൈകൊണ്ട് കേന്ദ്രസർക്കാർ. വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം പുറത്തുവന്നു. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ ഇനി അനുമതിയുണ്ടാകൂ

ചികിത്സാ ആവശ്യത്തിനുള്ള ഓക്‌സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഇങ്ങനെയുള്ള ഓക്‌സിജൻ വിതരണ വാഹനങ്ങൾക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. അവർക്ക് ഒരു നിയന്ത്രണവും ബാധകമാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

നിലവിലത്തെ സാഹചര്യത്തിൽ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. അതിനാൽ ഓക്സിജൻ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുത്. ഓക്സിജനുമായി പോകുന്ന വാഹനങ്ങൾ സംസ്ഥാനങ്ങളോ, കേന്ദ്ര ഭരണ പ്രദേശങ്ങളോ അതിർത്തിയിൽ തടയരുത്. ജില്ലാ അതിർത്തികളിലും വാഹനങ്ങൾക്ക് നിയന്ത്രണം ഇല്ലെന്ന് ഉറപ്പുവരുത്തണം. ഓക്സിജൻ വിതരണത്തിനായി സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും മാർഗ്ഗ രേഖ തയ്യാറാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ട്. ഇതിനിടെ ഓക്സിജനുമായി എത്തുന്ന വാഹനങ്ങൾ അതിർത്തിയിൽ തടയുന്നതായി ചില സംസ്ഥാനങ്ങൾ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് ഓക്സിജനുമായി പോകുന്ന വാഹനങ്ങൾ തടയരുതെന്ന് കേന്ദ്രം ഉത്തരവിട്ടത്.

ഇന്ന് രാവിലെ പുറത്തുവന്ന കണക്കനുസരിച്ച് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷത്തിലേക്ക് കടന്നു. ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. ഒരുദിവസം മൂന്ന് ലക്ഷത്തിലധികമായി രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ അമേരിക്കയെയും പിന്നിട്ട് ഇന്ത്യ കോവിഡ് വ്യാപനത്തിൽ മുന്നോട്ട് കുതിക്കുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. നേരത്തേ കോവിഡ് വ്യാപനത്തിൽ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 30 ലക്ഷം കടന്നു.

24 മണിക്കൂറിനിടെ മൂന്നേകാൽ ലക്ഷം പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെവന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. മരണനിരക്ക് ഇന്നും രണ്ടായിരത്തിന് മുകളിലാണ്.