ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ മത്സരങ്ങളിൽ ഒന്നിനാണ് ക്രിക്കറ്റ് ലോകം ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ സാക്ഷ്യം വഹിച്ചത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ അവസാന ഓവർ ഏവരുടേയും നെഞ്ചിടിപ്പേറ്റുന്നതായിരുന്നു. ആർസിബി മുന്നോട്ടുവെച്ച 213 റൺസ് വിജയലക്ഷ്യം ലഖ്നൗ പിന്തുടരവേ ഹർഷൽ പട്ടേലിന്റെ അവസാന ഓവറിലെ അവസാന പന്തിൽ നാടകീയതയേറിയ മങ്കാദിങ് റണ്ണൗട്ട് ശ്രമമുണ്ടായിരുന്നു. ലഖ്നൗ വാലറ്റ താരം രവി ബിഷ്ണോയിക്ക് എതിരെയായിരുന്നു ഇത്. എന്നാൽ അംപയർ ഔട്ട് അനുവദിച്ചില്ല. പിന്നാലെ മത്സരം ഒരു വിക്കറ്റിന് ലഖ്നൗ വിജയിക്കുകയും ചെയ്തു.

അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ബാംഗ്ലൂരിനെ ഒരു വിക്കറ്റിനാണ് ലക്‌നൗ തോൽപിച്ചത്. ബാംഗ്ലൂർ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യത്തിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് ലക്‌നൗ എത്തിയത്. ഇരുപതാം ഓവറിലെ ആറാം പന്തിൽ ലക്‌നൗവിന് ജയിക്കാൻ ഒരു റൺ വേണമെന്നിരിക്കെ തീർത്തും നാടകീയമായിരുന്നു മത്സരത്തിന്റെ അവസാനം. പന്തെറിയാനെത്തിയ പേസർ ഹർഷൽ പട്ടേൽ നോൺ സ്‌ട്രൈക്കറായിരുന്ന രവി ബിഷ്‌ണോയിയെ റൺ ഔട്ടാക്കാൻ ശ്രമം നടത്തി.

രവി ബിഷ്‌ണോയി വിജയ റൺസ് നേടാനായി ക്രീസ് വിട്ടിരുന്നു. എന്നാൽ ഹർഷലിന് ഈ സമയം പന്ത് വിക്കറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ല. ഇതോടെ ഹർഷൽ പന്ത് വിക്കറ്റ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. പന്ത് വിക്കറ്റ് തെറിപ്പിച്ചെങ്കിലും അംപയർ ഔട്ട് നൽകിയില്ല. ആക്ഷൻ തുടങ്ങിയിരുന്നതിനാൽ ഔട്ട് അനുവദിക്കാനാകില്ലെന്നായിരുന്നു അപംയറുടെ നിലപാട്. നിർണായകമായ അവസാന പന്തിലും ബാംഗ്ലൂരിനു പിഴച്ചു.

പന്ത് ബാറ്റിൽ കൊണ്ടില്ലെങ്കിലും ആവേശ് ഖാനും ബിഷ്‌ണോയിയും റണ്ണിനായി ഓടി. കയ്യിൽ നിന്നു വഴുതിയ പന്തെടുത്ത് വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് എറിഞ്ഞെങ്കിലും സ്റ്റംപിൽ കൊണ്ടില്ല. അങ്ങനെ ലക്‌നൗവിന് ഒരു വിക്കറ്റിന്റെ ആവേശജയം. നോൺ സ്‌ട്രൈക്കറായി നിൽക്കുന്ന ബാറ്ററെ പുറത്താക്കുന്ന 'മങ്കാദിങ്' ശൈലി നിയമപരമാണെന്ന് ഐസിസി തന്നെ അറിയിച്ചിട്ടുണ്ട്. പന്തെറിയും മുൻപേ നോൺ സ്‌ട്രൈക്കിലെ ബാറ്റർ ക്രീസ് വിട്ടാൽ പുറത്താക്കുന്ന രീതിയെ റൺഔട്ടായാണു പരിഗണിക്കുന്നത്.

ഹർഷൽ പട്ടേൽ 20-ാം ഓവർ എറിയാനെത്തുമ്പോൾ അഞ്ച് റൺസായിരുന്നു ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയിക്കാൻ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത് മാർക്ക് വുഡും ജയ്ദേവ് ഉനദ്കട്ടും. ആദ്യ പന്തിലെ യോർക്കറിൽ ഉനദ്കട്ട് സിംഗിൾ എടുത്തു. തൊട്ടടുത്ത ബോൾ സ്ലോ ലോ ഫുൾട്ടോസായപ്പോൾ മാർക്ക് വുഡ് ബൗൾഡായി. മൂന്നാം പന്തിൽ രവി ബിഷ്ണോയി ഡബിൾ നേടിയതോടെ സമനിലയ്ക്കും ഒന്നും വിജയത്തിന് രണ്ടും റൺസ് മതിയെന്നായി. നാലാം പന്തിൽ ബിഷ്ണോയി സിംഗിൾ നേടിയതോടെ ഇരു ടീമുകളുടേയും സ്‌കോർ തുല്യമായി. അഞ്ചാം പന്തിൽ ലോംഗ് ഓണിൽ ഡുപ്ലസിയുടെ പറക്കും ക്യാച്ചിൽ ഉനദ്കട്ട് പുറത്തായതോടെ നാടകീയത അവസാന പന്തിലേക്ക് നീണ്ടു. ഒരു പന്തിൽ 1 വിക്കറ്റ് കയ്യിലിരിക്കേ ലഖ്നൗവിന് ജയിക്കാൻ ഒരു റൺസ്. ഒടുവിൽ ബാംഗ്ലൂർ ആരാധകരെ ഞെട്ടിച്ച് ലഖ്നൗവിന് ഒരു വിക്കറ്റിന്റെ നാടകീയ ജയവും.

സ്വന്തം ടീമിന്റെ മിന്നുന്ന ബാറ്റിങ് പ്രകടനം കണ്ടതിന്റെ ആവേശത്തിലായിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന് താങ്ങുവുന്നതിലും ഏറെയായിരുന്നു ആർസിബിയുടെ ഞെട്ടിക്കുന്ന തോൽവി. ടീം പരാജയപ്പെട്ടതോടെ പൊട്ടിക്കരയുന്ന ആർസിബി ആരാധികയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കൂടാതെ ബോളിവുഡ് താരവും വിരാട് കോലിയുടെ ഭാര്യയുമായ അനൂഷ്‌ക ശർമ്മയെയും തോൽവി വളരെയധികം നിരാശപ്പെടുത്തി. എന്നാൽ, എതിർ ടീം ആരാധകർ ആർസിബിയുടെ തോൽവി ശരിക്കും ആഘോഷമാക്കി. പഴയ ആർസിബിയിൽ നിന്ന് ഒരു മാറ്റവുമില്ലല്ലോ എന്നാണ് അവർ ചോദിക്കുന്നത്. കടുത്ത നിരാശയിലായ ആർസിബി ആരാധകർ താരങ്ങൾക്കെതിരെ രൂക്ഷ പ്രതികരണങ്ങളും നടത്തുന്നുണ്ട്. അതിൽ പഴി ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്ന താരങ്ങളിലൊരാൾ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കാണ്.

ലഖ്‌നൗവിന് വിജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ വിക്കറ്റിന് പിന്നിൽ അതിജാ?ഗ്രത കാട്ടിയില്ലെന്നാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്. എം എസ് ധോണി പല സമയത്തും, പ്രത്യേകിച്ച് 2016 ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ സമാനമായ സാഹചര്യത്തിൽ നടത്തിയ മിന്നുന്ന പ്രകടനം ഒന്ന് കണ്ട് നോക്കാനാണ് ആരാധകർ കാർത്തിക്കിനോട് പറയുന്നത്.

മങ്കാദിങ് പാളിയത് എങ്ങനെ

അവസാന പന്തായതിനാൽ നോൺ സ്ട്രൈക്കറായ രവി ബിഷ്ണോയി നേരത്തെ ഓടാൻ ശ്രമിച്ചേക്കാം എന്ന് മനസിലാക്കിയാണ് ഹർഷൽ പട്ടേൽ മങ്കാദിങിന് ശ്രമിച്ചത്. എന്നാൽ ക്രീസ് കടന്ന് ബൗളിങ് ആക്ഷൻ ഏറെക്കുറെ പൂർത്തിയാക്കിയ ശേഷമാണ് ഹർഷൽ മങ്കാദിങ്ങിന് ശ്രമിച്ചത്. ആദ്യ ശ്രമത്തിൽ ബിഷ്‌ണോയിയെ പുറത്താക്കാൻ ഹർഷലിനായില്ല. പിന്നീട് ത്രോ എറിഞ്ഞ് രണ്ടാം ശ്രമത്തിൽ സ്റ്റംപ് പിഴുതെങ്കിലും ആർസിബി താരങ്ങളുടെ അപ്പീൽ തള്ളിക്കളഞ്ഞ് അംപയർ പന്ത് വീണ്ടും എറിയാൻ ആവശ്യപ്പെടുകയായിരുന്നു. മങ്കാദിങ്ങിലൂടെ നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കണമെങ്കിൽ ബൗളിങ് ആക്ഷൻ പൂർത്തിയാക്കുന്നതിന് മുമ്പോ അതുമല്ലെങ്കിൽ പാതി പൂർത്തിയാക്കും മുമ്പോ വേണം എന്നാണ് ക്രിക്കറ്റ് നിയമത്തിൽ പറയുന്നത്. ബിഗ് ബാഷ് ട്വന്റി 20 ക്രിക്കറ്റിൽ ആദം സാംപയുടെ സമാനമായ മങ്കാദിങ് ശ്രമം അംപയർ നിരാകരിച്ചിരുന്നു.