മുംബൈ: ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. പുറം ഭാഗത്തേറ്റ പരിക്കിനെ തുടർന്നാണിത്. ബുമ്രക്ക് ലോകകപ്പിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.

ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം വിദഗ്ധരുമായി വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനം. ബുമ്രയെ കഴിഞ്ഞ ദിവസം സ്‌കാനിംഗിന് വിധേയനാക്കിയിരുന്നുവെന്നും പരിക്ക് അത്ര ഗുരുതരമല്ലെന്നും നാലു മുതൽ ആറാഴ്ചവരെ വിശ്രമം മതിയാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ ബുമ്രയെ ട്വന്റി 20 ലോകകപ്പിൽ അവസാന മത്സരങ്ങളിലെങ്കിലും കളിപ്പിക്കാനാവുമെന്ന് ടീം മാനേജ്‌മെന്റിന് പ്രതീക്ഷയുണ്ടായിരുന്നു.

മെഡിക്കൽ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബുമ്രക്ക് ലോകകപ്പിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ ഒടുവിൽ സ്ഥിരീകരിച്ചത്. ട്വന്റി 20 ലോകകപ്പിലെ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാർത്താക്കുറിപ്പിൽ അറിയിച്ചു.

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുൻപായി നടത്തിയ പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബുംറ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. മാത്രമല്ല ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ നിന്ന് ബുംറയെ മാറ്റിനിർത്തുകയും ചെയ്തു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിലെടുക്കുകയും ചെയ്തിരുന്നു.

നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ കളിച്ച ശേഷം വിശ്രമത്തിലായിരുന്നു ബുംറ. പിന്നീട് ഓസ്‌ട്രേലിയക്കെതിരേ നടന്ന ട്വന്റി 20 പരമ്പരയിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഏഷ്യാ കപ്പിലും താരം കളിച്ചിരുന്നില്ല.

ജസ്പ്രീത് ബുമ്ര ലോകകപ്പിൽ കളിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ നേരത്തെ പരിശീലകൻ രാഹുൽ ദ്രാവിഡോ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോ തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ സ്ഥിരീകരണം എത്തിയിരിക്കുന്നത്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ മുതുകിന് പരിക്കേറ്റ ബുമ്ര രണ്ട് മാസത്തെ വിശ്രമത്തിനുശേഷം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ബുമ്ര രണ്ടും മൂന്നും മത്സരങ്ങളിൽ കളിച്ചിരുന്നു.