തിരുവനന്തപുരം: പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കളി കാണാൻ വരേണ്ടെന്ന കായിക മന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം. ഇന്ത്യശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സര ടിക്കറ്റിന്റെ വിനോദ നികുതി 5 ശതമാനത്തിൽ നിന്ന് 12% ആയി സർക്കാർ ഉയർത്തിയതു സംബന്ധിച്ചാണ് മന്ത്രിയുടെ വിവാദ പരാമർശം. നികുതി കുറയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കളി കാണുന്നവരെ അപമാനിച്ച് മന്ത്രി എത്തിയത്. കോപ്ലിമെന്ററീ പാസിൽ കളികാണുന്നവർ പണം കൊടുത്തു ടിക്കറ്റെടുത്തുവരെ കളിയാക്കി എന്നതാണ് പരിഹാസം. മന്ത്രിയെ ന്യായീകരിക്കാൻ സിപിഎമ്മിന് പോലും പൂർണ്ണമായും കഴിഞ്ഞിട്ടില്ല.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ക്രിക്കറ്റിലെ എറണാകുളം ലോബിയാണെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വേദിയെ തകർക്കാനാണ് ഗൂഢാലോചനയെന്നാണ് വിലയിരുത്തൽ. അതിനിടെ, പുതിയ വിവാദങ്ങൾ സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) കേരള ക്രിക്കറ്റ് അസോസിയേഷനോട് (കെസിഎ) വിവരങ്ങൾ ആരാഞ്ഞു. രാജ്യാന്തര മത്സരങ്ങൾ അനുവദിക്കുമ്പോഴെല്ലാം കേരളത്തിൽ പലവിധ പ്രശ്‌നങ്ങളും ഉടലെടുക്കുന്നതിൽ അതൃപ്തരാണു ബിസിസിഐ. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ ഒരു മത്സരമെങ്കിലും തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് കെസിഎ നടത്തുന്നത്. എന്നാൽ കെ സി എയിലെ കൊച്ചി ലോബി ഇതിന് എതിരാണ്.

നിലവിൽ തിരുവനന്തപുരത്തുകാരനായ വിനോദാണ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി. ഈ പദവിയിലേക്ക് ബിനീഷ് കോടിയേരിയും കണ്ണുവയ്ക്കുന്നുണ്ട്. അടുത്ത വർഷം സെക്രട്ടറിയാകാനാണ് പദ്ധതി. ഇതിന് വേണ്ടി എറണാകുളം ലോബിക്കൊപ്പം ചേർന്ന് പല കളികളും നടത്തുന്നുണ്ട്. വിനോദ് സെക്രട്ടറിയായിരിക്കുമ്പോൾ തിരുവനന്തപുരത്ത് ലോകകപ്പ് മത്സരം എത്തുന്നതിനെ അട്ടിമറിക്കാനാണ് നികുതി കൂട്ടികളി എന്നും ആക്ഷേപമുണ്ട്. ഇതിന് വേണ്ടി വലിയ ഗൂഢാലോചന ചില കേന്ദ്രങ്ങളിൽ ഉണ്ടായെന്നാണ് സൂചന. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം ലഭിക്കാതെ വരുമോയെന്ന് ആശങ്കയുണ്ട്. ഇതു തന്നെയാണ് 'പട്ടിണി' പ്രസ്താവനയിലൂടെ സംഭവിക്കുന്നതും. പിണറായി മന്ത്രിസഭയിലെ കോടീശ്വരനാണ് കായിക മന്ത്രി അബ്ദുറഹ്‌മാൻ.

അതിനിടെ പട്ടിണിപ്പാവങ്ങളെ അവഹേളിച്ച ഇങ്ങനെയൊരാളെ സ്ഥാനത്തു തുടരാൻ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. ധിക്കാരപരമായ പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പു പറയണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഐപിഎൽ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താനുള്ള ആലോചനയുമുണ്ട്. ഇതിലും തിരുവനന്തപുരം ഒരു വേദിയാകാനുള്ള സാധ്യതയുണ്ട്. വനിതാ ഐപിഎലിൽ കേരളത്തിന് സ്വന്തമായി ഒരു ടീമിനെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷേ വിവാദങ്ങളും പ്രശ്‌നങ്ങളും ഇവയ്‌ക്കെല്ലാം തിരിച്ചടിയാണ്. ഇതിനെല്ലാം പിന്നിൽ തിരുവനന്തപുരം ലോബിയെ തകർക്കാനുള്ള ശ്രമങ്ങളാണ്.

നേരത്തെ കൊച്ചിയിൽ കെ സി എ സ്വന്തമായി ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. ചതുപ്പു നിലത്തിൽ കുടുങ്ങി അത് പൊളിഞ്ഞു. ഇതിന് ശേഷം ദേശീയ ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ സ്റ്റേഡിയം കെസിഎ പാട്ടത്തിനെത്തി. ഐഎസ് എൽ എന്ന ഫുട്‌ബോൾ ലീഗിന് കൊച്ചിയിലെ അന്താരാഷ്ട്ര സ്‌റ്റേഡിയം വഴി മാറിയപ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ തിരുവനന്തപുരത്ത് മാത്രമാകുന്ന അവസ്ഥയായി. തിരുവനന്തപുരത്ത് നിരന്തര പ്രശ്‌നങ്ങളുണ്ടാവുകയും മത്സരം കിട്ടാതെ വരികയും ചെയ്താൽ കൊച്ചിയിൽ പുതിയ സ്റ്റേഡിയം എന്ന ആവശ്യം ചർച്ചയാക്കും. ഇതിലൂടെ കോടികളുടെ അഴിമതിയും കാട്ടാനാകും. ഇതിന് വേണ്ടിയാണ് 'പട്ടിണി' ചർച്ച സജീവമാകുന്നത്.

ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ വിനോദ നികുതി കുറയ്ക്കില്ലെന്നു വ്യക്തമാക്കിയ കായികമന്ത്രി വി.അബ്ദു റഹിമാൻ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തയാറാകണമെന്ന് ആവശ്യപ്പെട്ടു. വിനോദ നികുതി കുറയ്ക്കുകയാണു ചെയ്തതെന്നു തദ്ദേശഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷും പറഞ്ഞു. ടിക്കറ്റിന് 24% മുതൽ 50% വരെ വാങ്ങാമായിരുന്ന വിനോദ നികുതി 12% ആയി കുറയ്ക്കുകയാണു തദ്ദേശ വകുപ്പ് ചെയ്തതെന്ന് എം.ബി.രാജേഷ് അറിയിച്ചു. കഴിഞ്ഞ രാജ്യാന്തര മത്സരത്തിന് നികുതി 5 ശതമാനമായി കുറച്ചത് ദീർഘകാലം മത്സരമില്ലാതിരുന്ന സ്റ്റേഡിയം ഒരുക്കുക ദുഷ്‌കരമായിരുന്ന സാഹചര്യത്തിലാണ്. സാഹചര്യം മാറിയതിനാൽ, ഇപ്പോഴും അത്രയും ഇളവ് നൽകേണ്ടതില്ല'മന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ തിരുവനന്തപുരം വേദിയായ ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ വിനോദ നികുതിയായി കോർപറേഷനു ലഭിച്ചത് 21.75 ലക്ഷം രൂപയാണ്. ഇത്തവണ സർക്കാർ വിനോദ നികുതി കൂട്ടിയപ്പോൾ കെസിഎ ടിക്കറ്റ് നിരക്ക് 1000, 2000 ആയി കുറച്ചു. കഴിഞ്ഞ തവണ ഇത് 1500, 2750 എന്നിങ്ങനെയായിരുന്നു. ടിക്കറ്റ് വിൽപനയിലൂടെയും സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിലൂടെയും ഉള്ള വരുമാനമാണ് കെസിഎക്ക് ലഭിക്കുന്നത്. ഇതിൽ നിന്ന് ഒരു പങ്കും ബിസിസിഐക്കുള്ളതല്ല. മത്സരങ്ങളുടെ ടിവി സംപ്രേഷണ വരുമാനമാണ് ബിസിസിഐക്കുള്ളത്. എങ്കിലും ടിക്കറ്റിലെ വിവാദം ബിസിസിഐ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത.